ചന്ദിപുര വൈറസ് ബാധ മൂലം ഗുജറാത്തിൽ ഇതുവരെ മരിച്ചത് 32 കുട്ടികൾ

0

അഹമ്മദാബാദ് : ഗുജറാത്തിൽ വ്യാപകമായി ചന്ദിപുര വൈറസ് ബാധ. സംസ്ഥാനത്ത് ഞായറാഴ്ച 13 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 84 ആയി. ഒൻപത് മാസം മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളെയാണു രോഗം പ്രധാനമായും ബാധിക്കുന്നത്. 27 ജില്ലകളിലായാണു രോഗം സ്ഥിരീകരിച്ചത്. ചന്ദിപുര വൈറസ് രോഗം ബാധിച്ച് 32 പേര്‍ ഇതിനകം മരിച്ചിരുന്നു. അഹമ്മദാബാദ്, ബനസ്‌കന്ത, സുരേന്ദ്രനഗർ, ഗാന്ധിനഗർ, ഖേദ, മെഹ്‌സാന, നർമദ, വഡോദര, രാജ്കോട്ട് എന്നീ ജില്ലകളിലായാണു പുതിയ രോഗബാധിതർ ഉള്ളത്. പുണെയിലെ വൈറോളജി ലാബിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേക രോഗലക്ഷണങ്ങളോടെ മരിച്ചവരുടെ സാംപിളുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ജൂലൈ ഒന്നിനാണു സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചത്.

അണുവാഹകരായ സാൻഡ് ഫ്ലൈ കടിക്കുന്നതിലൂടെയാണ്‌ വൈറസ് മനുഷ്യരിലേക്ക് പടരുന്നതെന്നാണു നിഗമനം‍. ചന്ദിപുര വെസിക്കുലോവൈറസ്‌ (സിഎച്ച്‌പിവി) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആര്‍എന്‍എ വൈറസ്‌, പേവിഷബാധയുണ്ടാക്കുന്ന റാബിസ്‌ വൈറസിന്റെ കുടുംബമായ റാബ്‌ഡോവിറിഡയില്‍ ഉള്‍പ്പെടുന്നതാണ്. മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തില്‍ 1965ലാണ്‌ ഈ വൈറസ്‌ ആദ്യമായി കണ്ടെത്തിയത്‌. അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. ശക്തമായ പനി, മസ്തിഷ്കജ്വരം (അക്യൂട്ട് എൻസെഫലൈറ്റിസ്) എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണു രോഗം പരത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *