യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എല്ലാ ശ്രദ്ധയും ഇനി കമല ഹാരിസിലേക്ക്

0

വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറിയതോടെ എല്ലാ ശ്രദ്ധയും വൈസ് പ്രസിഡന്റ് കമല ഹാരിസിലേക്ക്. തനിക്കു പകരം കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാർഥിയാകണമെന്നാണ് ജോ ബൈഡന്റെ നിർദേശം. ഇതുവരെ ഒരു വനിത പോലും യുഎസിൽ പ്രസിഡന്റായിട്ടില്ല. ബൈഡനെ തോൽപിക്കുന്നതിലും എളുപ്പമാണ് കമലയെ തോൽപ്പിക്കാനെന്ന് എതിരാളിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് പ്രതികരിച്ചു. അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാർട്ടി കൺവൻഷനിലാണ് പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി നാമനിർദേശം ചെയ്യുന്നത്. ജോ ബൈഡന്റെ അസാധാരണമായ നേതൃത്വത്തിന് അമേരിക്കൻ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നതായി കമല ഹാരിസ് എക്സിൽ കുറിച്ചു. തന്നെ സ്ഥാനാർഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിർദേശം ബഹുമതിയാണെന്നും പാർട്ടിയുടെ നോമിനേഷൻ ലഭിക്കാനും വിജയിക്കാനും പരിശ്രമിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി എത്തിയ ഇന്ത്യൻ വംശജയും വനിതയുമാണ് കമല. മാതാപിതാക്കളായ ശ്യാമള ഗോപാലനും സ്റ്റാൻഫഡ് സർവകലാശാലയിലെ മുൻ സാമ്പത്തികശാസ്ത്ര അധ്യാപകൻ ഡോണൾഡ് ഹാരിസും വേർപിരിഞ്ഞ ശേഷം, ഇന്ത്യയുടെ ഉൾത്തുടിപ്പുകളറിഞ്ഞും കറുത്തവർഗക്കാരിയായി സ്വയം തിരിച്ചറിഞ്ഞുമാണ് കമല വളർന്നത്. പൗരാവകാശ പ്രവർത്തകരായിരുന്നു മാതാപിതാക്കൾ. കറുത്തവർഗക്കാരെന്ന നിലയിൽ അനുഭവിച്ചിട്ടുള്ള അവഹേളനവും പരിഹാസവും മറന്നിട്ടില്ലാത്ത കമലയ്ക്കു പോരാട്ടവീര്യം കൂടുതലാണ്. 1964 ഒക്ടോബർ 20നു കലിഫോർണിയയിലെ ഓക്ലൻഡിലാണു ജനനം. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് പഠനം കഴിഞ്ഞ് ഹേസ്റ്റിങ്സ് കോളജിൽ നിന്നു നിയമബിരുദം 1989ൽ ഓക്ലൻഡിൽ ഡിസ്ട്രിക്ട് അറ്റോർണിയായാണു കരിയർ തുടക്കം. 2010ൽ കലിഫോർണിയ അറ്റോർണി ജനറലായപ്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമായി. യുഎസ് സെനറ്റിലെത്തുന്നത് 2016ൽ. അറ്റോർണിയായ ഡഗ്ലസ് എംഹോഫിനെ 2014ൽ വിവാഹം ചെയ്തു. ഡമോക്രാറ്റ് പാർട്ടിയുടെ ആധുനിക മുഖം കമലയുടേതാണ്. യുവത്വവും വംശീയവൈവിധ്യവുമാണ് പാർട്ടിയുടെ കരുത്ത്.

ഡമോക്രാറ്റ് പാർട്ടിയിലെ ഇടതുനിരയോട് അനുഭാവം പുലർത്തുന്നതാണു കമലയുടെ നിലപാടുകൾ. സൗജന്യ കോളജ് വിദ്യാഭ്യാസം, ഗ്രീൻ ന്യൂ ഡീൽ പരിസ്ഥിതി പദ്ധതി, സമഗ്ര ആരോഗ്യപരിരക്ഷ തുടങ്ങിയ പദ്ധതികൾക്ക് അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബറാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോൾ പണമിടപാടുകാരുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായ കേസിൽ കലിഫോർണിയയ്ക്കുവേണ്ടി വാദിച്ചു വിജയം കണ്ടതാണു കമലയെ ദേശീയശ്രദ്ധയിൽ കൊണ്ടുവന്നത്. ഗുണ്ട, ലഹരിമരുന്നു സംഘങ്ങൾക്കും പീഡകർക്കുമെതിരെ അവർ വിട്ടുവീഴ്ചയില്ലാതെ ശിക്ഷ വിധിച്ചു. സെനറ്റിലെത്തിയ ശേഷം ഇന്റലിജൻസ് കമ്മിറ്റിയിലും ജുഡീഷ്യറി കമ്മിറ്റിയിലും ശ്രദ്ധേയയായി. കമല ഹാരിസിന്റെ മുത്തച്ഛൻ പി.വി.ഗോപാലന്റെ ജന്മ ഗ്രാമമാണു തമിഴ്നാട്ടിലെ തിരുവാരൂർ തുളസേന്ദ്രപുരം. നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഗോപാലൻ നാട്ടിലല്ല ജീവിച്ചതെങ്കിലും ഗ്രാമവുമായുള്ള ബന്ധം കുടുംബം കാത്തുസൂക്ഷിച്ചു. കമലയുടെ അമ്മ ശ്യാമളയുടെ ഇളയ സഹോദരി ഡോ.സരള ചെന്നൈയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *