ബിജെപി അക്കൗണ്ട് തുറന്നു; കേരളത്തിന് നിർമലയുടെ ‘സമ്മാനം’ എന്ത്?

0

കോട്ടയം : തൃശൂരിൽ ബിജെപി അക്കൗണ്ട് തുറന്നതിന്റെ സമ്മാനമായി നിർമലയുടെ ബജറ്റ് പെട്ടിയിൽ സംസ്ഥാനത്തിന് എന്തൊക്കെ കാണുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കേന്ദ്രം ഞങ്ങളെ വരിഞ്ഞു മുറുക്കുന്നുവെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുമ്പോഴും മൂന്നാം മോദി സർക്കാർ കേരളത്തിനുള്ള സമ്മാനം രണ്ട് കേന്ദ്രമന്ത്രിമാരിൽ ഒതുക്കില്ലെന്ന് ആവർത്തിക്കുകയാണ് ബിജെപി നേതാക്കൾ. വൻകിട വികസന പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പുണ്ടാകുമോയെന്നാണ് ധനമന്ത്രി ബാലഗോപാൽ ഉറ്റുനോക്കുന്നത്. ഇല്ലെങ്കിൽ മുണ്ട് മുറുക്കി ഉടുക്കേണ്ടി വരും. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയൊരു പാക്കാജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി സംസ്ഥാനം നൽകിയിട്ടുള്ളത്.

എയിംസ് ഇത്തവണ കിട്ടുമെന്നും വലിയ പ്രതീക്ഷയുണ്ട്. എയിംസിന്റെ ക്രെഡിറ്റിനു വേണ്ടി സംസ്ഥാനത്ത് ഒരു ഡസൻ നേതാക്കൾ ഇപ്പോഴേ തയാറായി നിൽപ്പുണ്ട്. എയിംസ് കിട്ടിയാൽ അത് ഏത് ജില്ലയിലാകും എന്നത് ചർച്ചകൾക്ക് വഴിയൊരുക്കും. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയിൽവേ നവീകരണം, റബറിന്റെ താങ്ങ് വില ഉയർത്തൽ, പരമ്പരാഗത മേഖലയുടെ നവീകരണം, തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള സഹായങ്ങൾ തുടങ്ങിയവയും സംസ്ഥാനത്തിന്റെ ആവശ്യങ്ങളായുണ്ട്. കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടും കോൺഗ്രസ് എംപി കെ.സി.വേണുഗോപാലിനോടും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അർഹമായ വിഹിതം നേടണമെന്ന് ഉറച്ചാണ് പാർട്ടി വ്യത്യാസമില്ലാതെയുള്ള ഈ നീക്കം. രാഷ്ട്രീയ പോരിൽ ആവശ്യങ്ങൾ നഷ്ടമാകുന്നത് അവസാനിപ്പിക്കാൻ അനുരഞ്ജനത്തിന്റെയും പ്രതിപക്ഷത്തെ ചേർത്തുനിർത്തിയുള്ള സമ്മർദ്ദത്തിന്റെയും സമീപനമാണ് സർക്കാരിന്. അത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *