മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി മുഖമില്ലാതെ തിരഞ്ഞെടുപ്പിനിറങ്ങാന്‍ ബിജെപി

മുംബൈ : വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മത്സരിക്കുന്നത് മുഖ്യമന്ത്രി മുഖം ഉയര്‍ത്തി കാണിക്കാതെയായിരിക്കും എന്ന് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുഖമില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാനത്തെ ഭരണ സഖ്യം പദ്ധതിയിടുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മുന്നണി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിന്‍ഡെയ്ക്ക് തിരിച്ചടിയായി കൂട്ടായ നേതൃത്വ സമീപനത്തിന് പകരം ഒരു മുഖ്യമന്ത്രി മുഖം അവതരിപ്പിക്കാന്‍ സാധ്യതയില്ല എന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 17 സീറ്റുകള്‍ നേടിയിരുന്നു.
അതേസമയം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി 30 സീറ്റുകള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ അടിത്തറ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. കഴിഞ്ഞയാഴ്ച നടന്ന എംഎല്‍സി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. അന്തരിച്ച മുതിര്‍ന്ന നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ ഉള്‍പ്പെടെ അഞ്ച് സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി മത്സരിപ്പിച്ചത്. അഞ്ചുപേരും ജയിച്ചു. ഷിന്‍ഡെ സേനയും അജിത് പവാറിന്റെ എന്‍സിപിയും രണ്ട് പേരെ വീതം നാമനിര്‍ദേശം ചെയ്തു. ഇവരും ജയിച്ചു. എന്‍സിപിയും ശിവസേനയും പിളര്‍ന്നതിന് ശേഷം നടന്ന നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.
288 അംഗ നിയമസഭയിലേക്ക് 160 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് മഹായുതിയും പ്രതിപക്ഷ മഹാ വികാസ് അഘാഡി സഖ്യവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും. ബിജെപി, ശിവസേന , എന്‍സിപി എന്നീ കക്ഷികളാണ് മഹായുതിയില്‍ ഉള്ളത്. ഇന്ത്യാ സഖ്യത്തിന്റെ കുടക്കീഴിലുള്ള മഹാ വികാസ് അഘാഡിയില്‍ കോണ്‍ഗ്രസ്, ശിവസേന , എന്‍സിപി എന്നിവ പ്രധാന ഘടകകക്ഷികളാണ്. എന്‍സിപി, മഹായുതി സഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അജിത് പവാറിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് അറുതിവരുത്തുമെന്നും പാര്‍ട്ടിക്കുള്ളിലെ വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് അജിത് പവാറിന്റെ എന്‍സിപിക്ക് ജയിക്കാനായിരുന്നത്. ഇതിന് പിന്നാലെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ശരദ് പവാര്‍ പക്ഷത്തേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.