ജാതിമരങ്ങളിലെ ഇലയുണക്കവും വീഴാതെ നാരുകളിൽ ചുറ്റി തൂങ്ങിനിൽക്കുന്നതും രോഗമോ, കീടബാധയോ?

0

ജാതിമരങ്ങളിലെ ഇലയുണക്കവും അതുതന്നെ താഴെ വീഴാതെ നാരുകളിൽ ചുറ്റി തൂങ്ങിനിൽക്കുന്നതും കീടബാധയല്ല. കുമിൾ രോഗമാണ്. ഇതുരണ്ടു വിധമുണ്ട്. നേർത്ത വെളുത്ത നൂലുകൾ പോലെയും കറുത്ത് നേർത്ത പട്ടുനൂലുകൾ പോലെയും. വെളുത്ത നാരുകളുള്ളതിനു ‘വൈറ്റ് ത്രെഡ് ബ്ലൈറ്റ്’ എന്നും കറുത്ത നാരുകളുള്ളതിനു Ñബ്ളാക്ക് (ഹോഴ്സ്) ത്രെഡ് ബ്ലൈറ്റ്’ എന്നുമാണ് പറയുന്നത്. ‘മരാസ്മിയസ് പൾചെറിമ’ എന്ന കുമിളാണ് വെള്ളനാരുകൾ ഉണ്ടാക്കുന്നത്.

കുമിളിന്റെ നേർത്തുവെളുത്ത വളർച്ചാതന്തുക്കൾ ശിഖരങ്ങൾക്ക് കുറുകെയും മറ്റും നിശ്ചിത രൂപമില്ലാതെ നീണ്ടുവളർന്ന് വിവിധഭാഗങ്ങളിലെ ഇലകളിലേക്കെത്തി അവയെ ഉണക്കുന്നു. നാരുകളാൽ ചുറ്റപ്പെടുന്നതിനാൽ ഇങ്ങനെ ഉണങ്ങിയ ഇലകൾ താഴെ വീഴുകയുമില്ല. ഇത് രൂക്ഷമാകുമ്പോൾ മരം പാടെ ഉണങ്ങി നശിക്കും. വീഴാതെ നിൽക്കുന്ന കുമിൾനാരുകളാണ് തുടർരോഗബാധയുടെ ഉറവിടവും. തുടർന്ന് ശിഖരങ്ങളും ഉണങ്ങും. ‘ബ്ളാക്ക് ത്രെഡ് ബ്ലൈറ്റ്’ എന്ന രോഗത്തിലാകട്ടെ ഹേതു ‘മരാസ്മിയസ് ഇക്വിക്രിനസ്’ എന്ന കുമിളാണ്. ഇവിടെ പേര് സൂചിപ്പിക്കുന്നതുപോലെ മരക്കൊമ്പിലുണ്ടാകുന്ന കുമിൾനാരുകൾക്കു കറുത്ത നിറവും നേർത്ത പട്ടുനൂലിന്റെ സ്വഭാവവുമാണ്. ഇതും ഇലകളും ശിഖരങ്ങളും ഉണക്കും. ഉണങ്ങിയ ഇലകൾ മരത്തിൽ തങ്ങിനിൽക്കും. പ്രത്യേകിച്ച് തോട്ടങ്ങളിൽ ഇത് ദ്രുതഗതിയിൽ പടർന്നുവ്യാപിക്കുകയും ചെയ്യും. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പാംശവും അമിതമായ തണലുമാണ് രോഗവ്യാപനത്തിന് അനുകൂലമാകുക.

രോഗനിയന്ത്രണം

1. മരങ്ങൾ തിങ്ങിവളരുന്ന തോട്ടങ്ങളിൽ അമിതമായ തണൽ കുറയ്ക്കുക. ഇത് രോഗവ്യാപനം ഗണ്യമായി കുറയ്ക്കും

2. തോട്ടത്തിൽ രോഗബാധിതമായ ഇലകളും ശിഖരങ്ങളും വീണുകിടക്കാതെ ശുചിത്വം ഉറപ്പാക്കുക

3. മഴയ്ക്ക് മുൻപു പ്രതിരോധമായി ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം മേയ്-ജൂണിൽ തളിക്കുക. ഓഗസ്റ്റ് -സെപ്റ്റംബറിൽ ഇത് ആവർത്തിക്കുക. ഇതല്ലെങ്കിൽ കോപ്പർ ഓക്സി ക്ളോറൈഡ് 50 ഡബ്ലിയു.പി (പൊടിരൂപം) രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയത് മരങ്ങളിൽ, ഇലകളിലും ശിഖരങ്ങളിലും നന്നായി പാതിയും വിധം തളിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *