കുത്തിവയ്പ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു
തിരുവനന്തപുരം : നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28) ആണ് മരിച്ചത് . മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന യുവതി ഞായറാഴ്ച രാവിലെയാണ് മരിച്ചത്. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിയ യുവതി കുത്തിവയ്പെടുത്തതിനു പിന്നാലെ അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെ കൃഷ്ണയ്ക്ക് ആസ്മയും അലർജിയും സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ കുത്തിവയ്പ്പ് നൽകിയതോടെ രോഗി അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി. ഇവരുടെ പരാതിയില്‍ ചികില്‍സിച്ച ഡോക്ടര്‍ വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭർത്താവ്: ശരത്.