പൂജ ഖേദ്കറുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ

മുംബൈ : വ്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിന് അന്വേഷണം നേരിടുന്ന പ്രബേഷനിലുള്ള ഐഎഎസ് ഓഫിസർ പൂജ ഖേദ്കറുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റായ്ഗഡ് ജില്ലയിലെ ഹോട്ടലിൽനിന്ന് പൂജയുടെ അമ്മ മനോരമ ഖേദ്കറിനെ കസ്റ്റഡിയിലെടുത്തതായി പുണെ റൂറൽ എസ്പി സ്ഥീരികരിച്ചു. ഭൂമിതർക്കത്തിന്റെ പേരിൽ കർഷകനു നേരെ തോക്കു ചൂണ്ടിയ കേസിൽ പൂജയുടെ അമ്മയും അച്ഛനും ഒളിവിലായിരുന്നു. ‘‘ മനോരമ ഖേദ്കറെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തശേഷം തുടർനടപടികൾ സ്വീകരിക്കും’’–എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പൂജയുടെ അമ്മ കർഷകർക്കു നേരെ തോക്ക് ചൂണ്ടുന്ന വിഡിയോ വൈറലായിരുന്നു. പൂജയുടെ പിതാവ് ദിലീപ് ഖേദ്കർ ഭൂമി കയ്യേറിയതായാണ് കർഷകർ ആരോപിക്കുന്നത്. മനോരമ ഖേദ്കർക്ക് തോക്ക് ലൈസൻസുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.
മഹാരാഷ്ട്ര സർക്കാരിലെ ഉദ്യോഗസ്ഥനായിരുന്ന ദിലീപ് ഖേദ്കറെ അഴിമതി നടത്തിയതിന് മുൻപ് രണ്ടു തവണ സസ്പെൻഡ് ചെയ്തിരുന്നു. 2018, 2020 വർഷങ്ങളിലാണ് സസ്പെൻഷൻ ലഭിച്ചത്. തങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി കാണിച്ച് മൂന്നൂറിലേറെ ചെറുകിട കച്ചവടക്കാരാണ് ദിലീപിനെതിരെ പരാതി നൽകിയത്. പൂജയുടെ പുണെയിലെ വസതിയോടു ചേർന്നുള്ള കുടുംബവീട്ടിലെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു. നടപ്പാത കയ്യേറി മതിൽ കെട്ടിയതും ചെടികൾ നട്ടതിനും കോർപറേഷൻ നേരത്തെ നോട്ടിസ് നൽകിയിരുന്നു. ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിനാണ് പൂജയെ സ്ഥലം മാറ്റിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഐഎഎസ് ലഭിക്കാൻ വ്യാജരേഖകൾ ഹാജരാക്കിയതായി തെളിഞ്ഞത്. പിന്നാലേ, കുടുംബം നടത്തിയ അഴിമതികളും ക്രമക്കേടുകളും പുറത്തുവന്നു.