സംഗക്കാര കളിക്കാൻ ഉപയോഗിക്കുന്നത് സഞ്ജുവിന്റെ ബാറ്റുകള്‍
ലണ്ടൻ : യുകെയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ സമ്മാനിച്ച ബാറ്റുകളാണു താൻ ഉപയോഗിക്കാറെന്ന് ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാര. രാജസ്ഥാൻ റോയല്‍സ് ടീമിന്റെ പരിശീലകനാണ് സംഗക്കാര. രാജസ്ഥാൻ റോയൽസാണ് കുമാർ സംഗക്കാരയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഈ വിഡിയോ സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായും ഇട്ടിട്ടുണ്ട്. ‘‘ഞാൻ കളിക്കുമ്പോൾ സഞ്ജു സാംസൺ തന്ന രണ്ടു ബാറ്റുകളാണ് ഉപയോഗിക്കുന്നത്. ഓർമയ്ക്കായി അദ്ദേഹമെനിക്ക് രണ്ടു ബാറ്റുകൾ സമ്മാനിച്ചു. എന്റെ വീട്ടിൽ ഒരുപാട് ബാറ്റുകളൊന്നുമില്ല. യുസ്‍വേന്ദ്ര ചെഹൽ കുറച്ചു കിറ്റുകൾ കൂടി നൽകാമെന്ന് എനിക്കു വാക്കു തന്നിട്ടുണ്ട്. അദ്ദേഹം ഈ വിഡിയോ കാണുകയാണെങ്കിൽ അക്കാര്യം ഓർക്കുക.
അതിനു വേണ്ടിയും ഞാൻ കാത്തിരിക്കുന്നുണ്ട്.’’– കുമാർ സംഗക്കാര പ്രതികരിച്ചു. ‘‘കുമാർ സംഗക്കാര എന്റെ ബാറ്റ് ഉപയോഗിക്കുന്നു, ഇതൊരു സ്വപ്നമാണ്.’’– സഞ്ജു സാംസൺ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് കഴിഞ്ഞ സീസണിൽ ഐപിഎല്‍ പ്ലേ ഓഫിൽ കടന്നിരുന്നു. ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റാണ് രാജസ്ഥാൻ പുറത്തായത്. 16 മത്സരങ്ങളിൽ 531 റൺസെടുത്ത സഞ്ജു ബാറ്റിങ്ങിലും തിളങ്ങി. അഞ്ച് അർധ സെഞ്ചറികളാണു താരം കഴിഞ്ഞ സീസണിൽ നേടിയത്. ഐപിഎല്ലിലെ റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്തെത്താനും സഞ്ജുവിനു സാധിച്ചു.
ട്വന്റി20 ലോകകപ്പ് വിജയിച്ചതിനു ശേഷം സിബാംബ‍്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും മലയാളി താരം തിളങ്ങി. സിംബാബ്‍വെയ്ക്കെതിരെ അവസാന മൂന്ന് മത്സരങ്ങളിലാണ് സഞ്ജു കളിക്കാനിറങ്ങിയത്. ഒരു മത്സരത്തിൽ താരം അർധ സെഞ്ചറി നേടിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും താരം കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.