ഇന്ന് ആസിഫിനോട് ചെയ്തത്, അന്ന് നയൻതാര അല്ലു അർജുനോട്
സംഗീത സംവിധായകൻ രമേശ് നാരായണൻആസിഫ് അലിയിൽ നിന്നും ഉപഹാരം സ്വീകരിക്കാൻ വിസമ്മതിച്ചത് വിവാദമായതിനിടെ വൈറലായി നയൻതാരയുടെ പഴയ പുരസ്‌കാര വിഡിയോ. 2016ലെ സൈമ അവാർഡ് വേദിയിൽ നയൻതാര അല്ലു അർജുനിൽ നിന്നു പുരസ്‌കാരം സ്വീകരിക്കാൻ വിസമ്മതിക്കുന്നതിന്റെ പഴയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടിയ നയൻതാര അല്ലു അർജുനിൽ നിന്ന് തനിക്ക് ലഭിച്ച അവാർഡ് തിരികെ നൽകുകയും സിനിമയുടെ സംവിധായകനും ഭാവി ഭർത്താവുമായ വിഘ്‌നേശ് ശിവനിൽ നിന്ന് അവാർഡ് സ്വീകരിക്കുകയുമായിരുന്നു.
“നിങ്ങൾക്ക് വിരോധമില്ലെങ്കിൽ നാനും റൗഡി താന്റെ സംവിധായകനിൽ നിന്ന് ഈ പുരസ്‌കാരം സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അല്ലു അർജുൻ നൽകിയ പുരസ്‌കാരം തിരികെ നൽകി നയൻതാര പറഞ്ഞത് ഇങ്ങനെയാണ്. നയൻതാരയുടെ അഭ്യർഥന മാനിച്ച് ഒരു ചിരിയോടെ അല്ലു അർജുൻ പിൻവലിയുകയും സംവിധായകൻ വിഘ്‌നേശ് ശിവൻ വേദിയിലെത്തി നയൻതാരയ്ക്ക് പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു. നയൻതാര അല്ലു അർജുനോട് കാണിച്ച പെരുമാറ്റം നടന്റെ ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. അന്ന് നയൻതാരയ്‌ക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണവും ഉണ്ടായി. എട്ടു കൊല്ലം മുന്‍പ് തുടങ്ങിയ ഈ പ്രശ്നത്തില്‍ നയന്‍താരയും അല്ലു അര്‍ജുനും ഇപ്പോഴും പിണക്കത്തിലാണെന്നാണ് വിവരം. അല്ലുവിന്റെ പല സിനിമകളിലും പിന്നീട് നായികയായി നയൻതാരയെ പരിഗണിച്ചെങ്കിലും അതൊന്നും സ്വീകരിക്കാൻ നടി തയാറായില്ലെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.