അഗ്‌നിവീര്‍ സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍
ചണ്ഡീഗഡ്: വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്‌നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. അഗ്നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെയാണ് ഹരിയാന സര്‍ക്കാറിന്‍റെ പ്രഖ്യാപനം.
പൊലീസ് കോണ്‍സ്റ്റബിള്‍, വനംവകുപ്പ്, മൈനിംഗ് ഗാര്‍ഡ്, ജയില്‍ വാര്‍ഡന്‍, എസ്പിഒ തുടങ്ങിയ സര്‍ക്കാര്‍ ജോലികളിലേക്കാണ് അഗ്‌നിവീറുകള്‍ക്ക് സംവരണം നല്‍കുക. 5 ലക്ഷം രൂപ വരെ പലിശരഹിതവായ്പയും നല്‍കുമെന്നും മുഖ്യമന്ത്രി നയബ് സിങ് സൈനി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് തീരുമാനം.
ഗ്രൂപ്പ് ബി, സി വിഭാഗത്തിലുള്ള സര്‍ക്കാര്‍ ജോലികളിലെ പ്രായപരിധിയില്‍ അഗ്‌നിവീറുകള്‍ക്ക് 3 വര്‍ഷം ഇളവുനല്‍കും. കൂടാതെ ഗ്രൂപ്പ് സി വിഭാഗത്തിലെ സിവില്‍ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനങ്ങളില്‍ 5 ശതമാനവും ഗ്രൂപ്പ് ബി വിഭാഗത്തില്‍ 1 ശതമാനം സംവരണവുമാണ് നല്‍കുക. എന്നിരുന്നാലും, അഗ്നിവീറുകളുടെ ആദ്യ ബാച്ചിൽ, ഈ പ്രായപരിധിയിൽ ഇളവ് 5 വർഷമായിരിക്കുമെന്നും സൈനി പറഞ്ഞു.
വിവിധ കേന്ദ്ര സർക്കാർ ഏജൻസികളും വകുപ്പുകളും മുൻ അഗ്നിവീർ സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിമാസം 30,000 രൂപയില്‍ കൂടുതല്‍ ശമ്പളത്തോടെ അഗ്‌നിവീറുകള്‍ക്ക് ജോലിനല്‍കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം 60,000 രൂപ സബ്സിഡി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 18 വയസ് ആയ കുട്ടികളെ 4 വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്‍റെ ഭാഗമാക്കുന്ന അഗ്നിപഥ് പദ്ധതി 2022ലാണ് ആരംഭിച്ചത്