ഭാര്യയടക്കം 42 സ്ത്രീകളെ കൊലപ്പെടുത്തി ‘സീരിയൽ കില്ലർ’

0

നെയ്റോബി : കെനിയയുടെ തലസ്ഥാന നഗരമായ നെയ്റോബിയിലെ സുപ്രധാന പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്നും കണ്ടെത്തിയത് 9 മൃതദേഹങ്ങൾ. മൂന്നു ദിവസത്തിനുശേഷം സമീപത്തെ ബാറിൽനിന്നും പ്രതിയെന്നു സംശയിക്കുന്ന കോളിൻസ് ജുമൈസി ഖലുഷയെ പൊലീസ് അറസ്റ്റ് ചെയ്തു. യൂറോകപ്പ് ഫൈനൽ കാണുകയായിരുന്നു കോളിൻസ്. തന്റെ ഭാര്യയെ ഉൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയതായി കോളിൻസ് കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കെനിയയിലെ ക്രൂരനായ ‘സീരിയൽ കില്ലറെ’ പിടികൂടിയതായി പൊലീസ് അവകാശപ്പെടുമ്പോൾ, എതിർവാദങ്ങളും ഉയരുന്നു. പൊലീസ് ചെക്ക്പോസ്റ്റിനു തൊട്ടുസമീപത്തു നടന്ന സംഭവം എന്തുകൊണ്ട് അധികൃതർ അറിയാതെ പോയെന്നാണു പ്രദേശവാസികളുടെ ചോദ്യം. മർദിച്ചാണ് കുറ്റസമ്മതം നടത്തിയതെന്ന് കോളിൻസിന്റെ അഭിഭാഷകൻ പ്രതികരിച്ചു.

നെയ്റോബിയിലെ മുകുറു ക്വാ എൻജെംഗ പൊലീസ് സ്റ്റേഷനു 100 മീറ്റർ മാത്രം അകലെയുള്ള വലിയ മാലിന്യ കൂമ്പാരത്തിൽനിന്നാണു കഴിഞ്ഞ വെള്ളിയാഴ്ച 9 മൃതദേഹങ്ങൾ കണ്ടെടുത്തത്. കാണാതായ ജോസഫിൻ ഒവിനോ എന്ന യുവതിയുടെ ബന്ധുക്കളിലൊരാൾ മൃതദേഹം കിടക്കുന്ന സ്ഥലം ‘സ്വപ്നം കണ്ടതായാണ്’ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. സ്വപ്നത്തിൽ വന്നയാളുടെ നിർദേശപ്രകാരം മാലിന്യത്തിൽ നാട്ടുകാരും ബന്ധുക്കളും പരിശോധന നടത്തി. തുടര്‍ന്നു നൈലോൺ ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച ഒൻപതു മൃതദേഹങ്ങൾ കണ്ടെത്തിയതായും മാധ്യമങ്ങൾ പറയുന്നു. പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നതിനെ തുടർന്ന് മുകുറു ക്വാ എൻജെംഗ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി ആക്ടിങ് പൊലീസ് മേധാവി ഡഗ്ലസ് കഞ്ച അറിയിച്ചു. പൊലീസുകാരെ ചോദ്യം ചെയ്തിട്ടില്ല. വ്യത്യസ്ത കാലഘട്ടങ്ങളിലായി മരണപ്പെട്ട 18 നും 33 നും ഇടയിൽ പ്രായമുള്ള യുവതികളുടെ മൃതദേഹങ്ങളാണു കണ്ടെത്തിയതെന്നു പൊലീസ് പറയുന്നു. രണ്ടു വർഷത്തിനിടെ നടത്തിയ കൊലപാതകങ്ങളാകാം എന്നാണ് നിഗമനം.

എന്നാൽ എപ്പോഴാണു മൃതദേഹങ്ങൾ ഇവിടെ ഉപേക്ഷിച്ചതെന്നോ മറ്റ് മ‍ൃതദേഹങ്ങൾ എവിടെയാണെന്നോ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. കണ്ടെടുത്ത മൃതദേഹങ്ങളിൽ ഒരാളെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. ജൂൺ 28 നു കാണാതായതായി പരാതി ലഭിച്ചിട്ടുള്ള 24 വയസ്സുകാരി റോസ്‌ലിൻ ഒൻഗോഗോയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. മുകുറുവിൽ കാണാതായ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ മാതാപിതാക്കളാണ് ആളെ തിരിച്ചറിഞ്ഞത്. കണ്ടെത്തിയ മൃതദേഹങ്ങൾക്കിടയിൽനിന്നു ഖലുഷയുടെ ഭാര്യയുടെ തിരിച്ചറിയൽ കാർഡു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖലുഷയുടെ കൊലപാതക പരമ്പര ആരംഭിക്കുന്നത് ഭാര്യയെ കൊലപ്പെടുത്തിയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പിന്നീടു നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *