കാസർകോട്ട് ബസ് യാത്രക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം
 
                കാസർകോട് : ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നതാപ്രദർശനം. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. ബേക്കൽ പൊലീസ് കേസെടുത്തു. തിങ്കൾ ഉച്ചയ്ക്ക് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയിലാണ് സംഭവം. സ്വകാര്യ ബസില്‍ സഞ്ചരിക്കുമ്പോഴാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. ആറു വയസുള്ള മകൾക്കൊപ്പം കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു യുവതി. ബസിൽ തിരക്കില്ലായിരുന്നു. യുവതിയും മകളും ഇരുന്ന സീറ്റിന്റെ എതിർവശത്തെ സീറ്റിലാണ് യുവാവ് ഇരുന്നത്. യുവതി സംഭവം മൊബൈലിൽ പകർത്തി കണ്ടക്ടറെ അറിയിക്കാൻ ശ്രമിക്കുമ്പോഴേക്കും യുവാവ് ബസിൽനിന്ന് ഇറങ്ങി രക്ഷപ്പെട്ടു. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 
                         
                                             
                                             
                                             
                                         
                                         
                                         
                                        