യുഎഇ – കേരള സെക്ടറിൽ ഒറ്റ ദിവസം റദ്ദാക്കിയത് 5 സർവീസുകൾ

0

അബുദാബി / ദുബായ് : വേനലവധിക്ക് നാടണയാൻ കാെതിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും മടങ്ങിയെത്തുന്നവർക്കും തീരാദുരിതമായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുടെ അവസാനനിമിഷ റദ്ദാക്കലും വൈകിപ്പറക്കലും. വിമാനങ്ങളുടെ ‘സാങ്കേതിക തകരാർ’ കാരണം നൂറുകണക്കിന് പേരാണ് യാത്രാസൗകര്യം ഉറപ്പാകാതെ വലയുന്നത്. ഇന്നലെ യുഎഇ– കേരള സെക്ടറിൽ 5 വിമാന സർവീസുകളാണ് അവസാനനിമിഷം റദ്ദാക്കിയത്. രാവിലെ 10.05നുള്ള കോഴിക്കോട്– അബുദാബി എയർ ഇന്ത്യാ എക്സ്പ്രസ്, 11നുള്ള കൊച്ചി– ദുബായ് എയർ ഇന്ത്യ, ഉച്ചയ്ക്ക് 1.30നുള്ള ദുബായ്– കൊച്ചി എയർ ഇന്ത്യ, 1.40നുള്ള അബുദാബി– കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ് എന്നീ വിമാനങ്ങളിലെ എണ്ണൂറോളം യാത്രക്കാരാണ് ദുരിതത്തിലായത്. അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് വൈകുമെന്ന് 3 മണിക്കൂർ മുൻപ് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു.

എന്നാൽ കൊച്ചി എയർ ഇന്ത്യാ യാത്രക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത് വിമാനം പുറപ്പെടേണ്ട സമയവും പിന്നിട്ട് ഒന്നര മണിക്കൂർ കഴിഞ്ഞാണ്. ഇന്നലെ രാത്രി 9.55ന് കണ്ണൂരിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസും റദ്ദാക്കി. ഇതിലെ കുറിച്ച് യാത്രക്കാരെ രാത്രി 8.50ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ കൊണ്ടുപോയി. മറ്റുള്ളവരെ ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുള്ളത്. സാധാരണ നിരക്കിനേക്കാൾ അഞ്ചിരട്ടി തുകയ്ക്ക് ടിക്കറ്റ് എടുത്തവരാണ് സമയത്തിന് നാട്ടിലെത്താനാകാതെ പ്രയാസപ്പെടുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനാെടുവിൽ ചുരുങ്ങിയ ദിവസത്തെ അവധിക്കു നാട്ടിലേക്കു പോകുന്നവരുടെ ഓരോ ദിവസത്തിനും പാെന്നിന്റെ വിലയാണ്. പ്രവാസികളെ സ്വീകരിക്കാനും യാത്രയാക്കാനുമായി ദൂരദിക്കുകളിൽനിന്ന് എത്തുന്ന പ്രിയപ്പെട്ടവരുടെ പ്രയാസങ്ങൾ വേറെയും.

കൈക്കുഞ്ഞുങ്ങളടക്കമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർ, തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾ, യുഎഇയിലെത്തി ജോലിയിൽ പ്രവേശിക്കേണ്ടവർ, വീസാ കാലാവധി തീരാറായവർ എന്നിങ്ങനെ എയർ ഇന്ത്യയുടെയും എയർ ഇന്ത്യാ എക്സ്പ്രസിന്റെയും ഊരാകുടുക്കിൽ കുടുങ്ങിയവർ ഒട്ടേറെയാണ്. സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞവർ, അടിയന്തര ചികിത്സയ്ക്കായി നാട്ടിലേക്കു പോകുന്നവർ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടവർ, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നാട്ടിലെത്തേണ്ടവർ തുടങ്ങിയവരും കഷ്ടപ്പെടുകയാണ്. യാത്രാക്ലേശത്തിന് കാരണം സാങ്കേതിക തകാരാണെന്ന് എയർ ഇന്ത്യയും ഓപ്പറേഷനൽ പ്രശ്നമാണെന്ന് എയർ ഇന്ത്യാ എക്സ്പ്രസും അറിയിച്ചു. ജൂലൈ ഒന്നിനും പത്തിനും ഇടയിൽ പന്ത്ര‍ടിലെറേ വിമാനങ്ങളാണ് ഗൾഫ്–കേരള സെക്ടറിൽ മുടങ്ങിയത്. കഷ്ടിച്ച് 5 ദിവസം മുടങ്ങാതെ സർവീസ് നടത്തിയെങ്കിലും സാങ്കേതിക പ്രശ്നം ഒഴിയാബാധയായി തുടരുകയാണ്.

പ്രതിഷേധിച്ച യാത്രക്കാരെ മറ്റു സെക്ടറുകളിലേക്കുള്ള സർവീസുകളിലും ഡൽഹി, മുംബൈ കണക്‌ഷൻ വിമാനങ്ങളിലും യാത്രയാക്കി. മറ്റുള്ളവർക്ക് വരും ദിവസങ്ങളിൽ ലഭ്യമായ വിമാനങ്ങളിൽ ടിക്കറ്റ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ലഭിക്കുന്നതുവരെ യാത്രക്കാർക്ക് താമസസൗകര്യവും നൽകാമെന്നും ആവശ്യമുള്ളവർക്ക് ടിക്കറ്റ് തുക മടക്കിനൽകാമെന്നും എയർ ഇന്ത്യ അറിയിച്ചെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാർക്ക് അടുത്ത അറിയിപ്പിനായി കാത്തിരിക്കാനാണ് നിർദേശം ലഭിച്ചിട്ടുള്ളത്.മലയാളികൾ ധാരാളമായി യാത്ര ചെയ്യുന്ന ഗൾഫ്–കേരള സെക്ടറുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യാ എക്സ്പ്രസും സീസൺ ഭേദമെന്യേ ലാഭകരമായി സർവീസ് നടത്തുന്നതാണ്.

എന്നാൽ ‘സാങ്കേതിക പ്രശ്നം’ കാരണം യാത്രാദുരിതത്തിന് ഇരകളാകുന്നതും മലയാളികൾ തന്നെയാണ്. കഷ്ടപ്പാടിന്റെ ചൂടിൽ നിന്ന് സ്വന്തം നാടിന്റെ കുളിർമയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവരെ ദുരിതത്തിലാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പ്രവാസി മലയാളികൾ ആവശ്യപ്പെടുന്നത്. വർഷങ്ങളായുള്ള ഈ അവഗണനയെ തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് സർവീസുകളിൽ നിന്ന് പലരും അകലുന്നുമുണ്ട്. കൃത്യസമയത്ത് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ വിദേശ എയർലൈനുകളെ ആശ്രയിക്കണമെന്ന പ്രചാരണവും വ്യാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *