അജ്മാനിലും ഷാർജയിലും വാടകനിരക്കിൽ കുതിപ്പ്

0

ദുബായിൽ വാടകവീടു തേടി അജ്മാൻ, ഷാർജ എമിറേറ്റുകളിലേക്ക് ദുബായിലുള്ളവരുടെ തിരക്ക് കൂടിയതോടെ വാടക നിരക്കിൽ കുതിപ്പ്. രണ്ട് എമിറേറ്റിലും കഴിഞ്ഞ വർഷത്തേക്കാൾ 20% ആണ് വാടക വർധന. വാടകവീട് തേടിയെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയാണ് നിരക്ക് ഉയരാൻ കാരണം.

ദുബായിൽ വാടകയിനത്തിൽ വർഷാവർഷം വർധനയുണ്ട്. മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന കരാമ, ദെയ്റ, ഖിസൈസ്, സിലിക്കൺ ഒയാസിസ്, ഗ്രാൻസ്, ഗാർഡൻസ് തുടങ്ങി എല്ലായിടത്തും വാടക കൂടി. ഒരു മുറി ഫ്ലാറ്റിന്റെ കുറഞ്ഞ വാടക വർഷം 60,000 ദിർഹത്തിന് മുകളിലെത്തി.

ഇതോടെയാണ്, ആളുകൾ കുറഞ്ഞ ചെലവിൽ താമസയിടം തേടി ഷാർജ, അജ്മാൻ എമിറേറ്റുകളിലേക്ക് നീങ്ങിയത്. കഴിഞ്ഞ വർഷം ഒരു മുറി ഫ്ലാറ്റിന് ശരാശരി 24000 ദിർഹമുണ്ടായിരുന്ന ഷാർജയിൽ ഇപ്പോൾ 30000 – 36000 ദിർഹമാണ്.

പ്രധാന കേന്ദ്രങ്ങളിൽ ഇത് 50000 ദിർഹം വരെ ഉയർന്നു. ചെറു യൂണിറ്റുകൾ പൂർണമായും ബുക്ക് ചെയ്തു കഴിഞ്ഞു. 2, 3 മുറി ഫ്ലാറ്റുകളാണ് ഇനി ബാക്കിയുള്ളത്. 2 മുറി ഫ്ലാറ്റുകളുടെ വാടകയും കുത്തനെ ഉയർന്നു. 55000 – 60000 ദിർഹമാണ് ശരാശരി വാടക. ഷാർജ അൽ നാഹ്ദയ്ക്കാണ് ഡിമാൻഡ് കൂടുതൽ. ദുബായിലേക്ക് എളുപ്പം എത്താമെന്നതും മെട്രോ, ബസ് സ്റ്റേഷൻ എന്നിവ അടുത്തുള്ളതുമാണ് അൽനഹ്ദ ഇഷ്ടപ്പെടാൻ കാരണം.

ഷാർജയിൽ 3 വർഷത്തേക്കു വാടക വർധിക്കില്ലെന്നതും പ്രവാസികളെ ആകർഷിക്കുന്നു. രാജ്യത്തേക്കു കൂടുതൽ പേർ വരുന്നതാണ് വാടക വർധനയ്ക്കു പ്രധാന കാരണം. ജനസംഖ്യ കൂടുന്നതോടെ പാർപ്പിട ആവശ്യങ്ങളും വർധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ദുബായിലെ വാടകയിൽ 30% വർധനയുണ്ട്. ശരാശരി പ്രവാസി കുടുംബത്തെ സംബന്ധിച്ചു ഈ ചെലവ് ഭീമമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *