രാജ്യാന്തര വിമാനത്താവളത്തിൽ നവീകരിച്ച ടെർമിനൽ 3യുടെ സൗകര്യങ്ങൾ പരിശോധിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായ് : രാജ്യാന്തര വിമാനത്താവളത്തിൽ നവീകരിച്ച ടെർമിനൽ 3യുടെ സൗകര്യങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിശോധിച്ചു. വിവിധ വകുപ്പുകളിൽ ഏർപ്പെടുത്തിയ അത്യാധുനിക സംവിധാനങ്ങളും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളും വിലയിരുത്തി. ഭാവി അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക സംഗമ കേന്ദ്രമാണ് ദുബായ് രാജ്യാന്തര വിമാനത്താവളമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയും ലോകോത്തര സേവനവും ഉറപ്പാക്കുകയും സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്ത സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. ദുബായ് സ്റ്റേറ്റ് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ലഫ്.ജനറൽ തലാൽ ഹുമൈദ് ബെൽഹൂൽ, താമസ കുടിയേറ്റ വകുപ്പ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം ഉൾപ്പെടെ ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും അനുഗമിച്ചു.