ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹനെതിരേ വധശ്രമത്തിന് കേസ്

0

ഗുണ്ടൂർ: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിക്കെതിരേ സംസ്ഥാന പൊലീസ് വധശ്രമത്തിനു കേസെടുത്തു. ഉന്ദിയിലെ എംഎൽഎയും തെലുഗുദേശം നേതാവുമായ രഘുരാമകൃഷ്ണ രാജുവിന്‍റെ പരാതിയിലാണു നടപടി. ജഗനെ കൂടാതെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ പി.വി. സുനിൽ കുമാർ, പി.എസ്. സീതാരാമ ആഞ്ജനേയുലു, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആർ. വിജയ് പോൾ, ഗുണ്ടൂരിലെ ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് ജി. പ്രഭാവതി എന്നിവർക്കെതിരേയും കേസെടുത്തു.

കസ്റ്റഡിയിൽ താൻ മർദനത്തിന് ഇരയായെന്നടക്കമാണു രാജുവിന്‍റെ പരാതി. ഗുണ്ടൂരിലെ നഗരംപാലം പൊലീസാണു കേസെടുത്തത്. 2021 മേയിൽ കൊവിഡ് 19ന്‍റെ രണ്ടാംതരംഗം രൂക്ഷമായിരിക്കെ ഒരു കേസിൽ രാജുവിനെ അറസ്റ്റ് ചെയ്തിരുന്നു. തന്നെ ഇല്ലാതാക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ് ഈ അറസ്റ്റെന്നു രാജു പരാതിയിൽ പറയുന്നു. ജഗൻമോഹനൊപ്പം പൊലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും തനിക്കെതിരേ വ്യാജ കേസ് കെട്ടിച്ചമച്ചത് അന്നത്തെ സിബി- സിഐഡി വിഭാഗമാണെന്നും ആരോപിക്കുന്ന രാജു അറസ്റ്റിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ആരോപിക്കുന്നു. വാഹനത്തിലേക്ക് എന്നെ തള്ളിവീഴ്ത്തി. അതേ രാത്രി തന്നെ ആശുപത്രിയിലെത്തിച്ചെന്നും രാജു.

ഏതാനും ആഴ്ചകൾക്കു മുൻപ് ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു ഞാൻ. അതുപോലും പരിഗണിച്ചില്ല. പരസ്യമായി മുഖ്യമന്ത്രിയെ വിമർശിച്ചതിനാണ് എന്നെ കേസിൽപ്പെടുത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം നൽകേണ്ട മരുന്നുകളും നൽകിയില്ല. മർദിച്ചെങ്കിലും ഒരു പരുക്കുമില്ലെന്നും മർദനമുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ സർട്ടിഫിക്കെറ്റ് നൽകിയെന്നും രാജു പറഞ്ഞു. പിന്നീട് സുപ്രീം കോടതി ഇടപെട്ടാണ് എന്നെ സെക്കന്ദരാബാദിലെ സൈനികാശുപത്രിയിലേക്കു മാറ്റിയത്. ഒരാഴ്ചയ്ക്കുശേഷം ജാമ്യം ലഭിച്ചു. എന്നാൽ, മൂന്നു വർഷത്തിനുശേഷം ഇത്തരമൊരു കേസ് എടുത്തതിൽ അദ്ഭുതമുണ്ടെന്ന് സുനിൽകുമാർ പ്രതികരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *