നേപ്പാൾ ദേശീയപാതയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 60 യാത്രക്കാരെ കാണാതായി
കാഠ്മണ്ഡു : നേപ്പാളിലെ മദൻ ആശ്രിത് ദേശീയപാതയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു ബസുകൾ അകപ്പെട്ടു. റോഡിനു സമീപത്തുണ്ടായിരുന്ന മലയിൽനിന്നും തൃശൂലി നദിയിലേക്ക് ഉരുൾപൊട്ടി വീഴുകയായിരുന്നു. ബസുകളിലെ അറുപതോളംവരുന്ന യാത്രക്കാരെ അപകടത്തിൽ കാണാതായി. മൂന്നുപേർ ചാടി രക്ഷപ്പെട്ടു. ബസ് നദിയിലേക്ക് ഒഴുകിപ്പോയിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്. തോരാതെ തുടരുന്ന കനത്തമഴ തിരച്ചിലും രക്ഷാപ്രവർത്തനവും ദുഷ്കരമാക്കുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവര്‍മാർ ഉൾപ്പെടെ 63 യാത്രക്കാർ ബസിലുണ്ടായിരുന്നതായാണു ലഭിക്കുന്ന വിവരം. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വിവരം ലഭിച്ചയുടനെ പൊലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. ബൗണ്ഡ് ഏഞ്ചലില്‍നിന്നും നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കു വരികയായിരുന്ന ബസും കാഠ്മണ്ഡുവില്‍നിന്നും റൗട്ടാഹട്ട്സ് ഗൗറിലേക്കു പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപെട്ടത്. നേപ്പാളിലെ ഏറ്റവും തിരക്കേറിയ ദേശീയപാതയാണ് മദൻ ആശ്രിത് ഹൈവേ.