‘സിപിഎമ്മില്‍ ചേര്‍ന്നാല്‍ ക്രിമിനല്‍ അല്ലാതാകും; കേരളത്തിലേത് പാവങ്ങളെ വിധിക്ക് വിട്ടു കൊണ്ടുള്ള ഭരണം’

0

തിരുവനന്തപുരം∙ സിപിഎം പൂതലിച്ചു പോയെന്ന് പറഞ്ഞ എ.വിജയരാഘവന് സല്യൂട്ട് നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപിയില്‍ ചേര്‍ന്നാല്‍ അഴിമതിക്കാരനല്ലാതാകുന്നതു പോലെ സിപിഎമ്മില്‍ ചേര്‍ന്നാല്‍ ക്രിമിനല്‍ അല്ലാതാകും. കേരളത്തിലേത് പാവങ്ങളെ വിധിക്ക് വിട്ടു കൊണ്ടുള്ള ഭരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘‘സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പത്തു വര്‍ഷം ധനകാര്യ മന്ത്രിയുമായ ടി.എം. തോമസ് ഐസക് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്; അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റുന്നു. ഇതു പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും കാണാം. ജനങ്ങളോട് വിനയത്തോട് കൂടി വേണം പെരുമാറാന്‍ എന്ന്. ഞങ്ങള്‍ നിയമസഭയിലും പുറത്തും പറഞ്ഞ കാര്യങ്ങള്‍ക്കാണ് കേന്ദ്ര കമ്മിറ്റി അംഗം അടിവരയിടുന്നത്. പാര്‍ട്ടി പൂതലിച്ചു പോയെന്നാണ് മറ്റൊരു പിബി അംഗം പറഞ്ഞത്. എന്തൊരു മനോഹരമായ പ്രയോഗമാണത്. അത് പറഞ്ഞ വിജയരാഘവന് ഒരു സല്യൂട്ട് നല്‍കുന്നതായി അറിയിക്കണം’’ – വി.ഡി. സതീശൻ പറഞ്ഞു.

‘‘കണ്ണൂര്‍- കോഴിക്കോട് ജില്ലകളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ നടക്കുന്ന സ്വര്‍ണം പൊട്ടിക്കലും സ്വര്‍ണക്കള്ളക്കടത്തുമൊന്നും പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളല്ല. പിഎസ്​സി അംഗത്വത്തിന് വേണ്ടി പണം പിരിച്ചതും സ്റ്റീല്‍ കോംപ്ലക്‌സ് അഴിമതിക്കുമൊക്കെ പിന്നില്‍ കോഴിക്കോട്ടെ കോക്കസാണോ? അപകടകരമായ രീതിയിലേക്കാണ് സിപിഎം പോകുന്നത്. 12 ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട, കാപ്പ കേസുകളില്‍ പ്രതിയായ ഒരു ക്രിമിനലിനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയ ഒരു മന്ത്രി മാലയിട്ടാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്ത് സന്ദേശമാണ് അതിലൂടെ നല്‍കുന്നത്. ഡല്‍ഹിയില്‍ അഴിമതിക്കാരനാണെങ്കില്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മതി. കേരളത്തില്‍ ക്രിമിനലാണെങ്കില്‍ സിപിഎമ്മില്‍ ചേര്‍ന്നാല്‍ ക്രിമിനല്‍ അല്ലാതായി മാറും. മന്ത്രി മാലയിട്ട് സ്വീകരിച്ച കാപ്പ കേസിലെ പ്രതിയോടൊപ്പം 62 പേരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. അതില്‍ ഒരാളായ മൈലാടുംപാറ സ്വദേശിയെ ഇന്ന് ഉച്ചയ്ക്ക് കഞ്ചാവുമായി എക്‌സൈസ് പിടികൂടി’’ – വി.ഡി. സതീശൻ പറഞ്ഞു.

ബാര്‍ കോഴ സംബന്ധിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പണം നല്‍കിയെന്ന് ഒരു ബാര്‍ ഉടമ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇപ്പോഴും ബാര്‍ ഉടമ തന്നെയാണ് സര്‍ക്കാരിന് പണം നല്‍കണമെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാനും ഒരു പരാതി നല്‍കിയിരുന്നു. അന്വേഷിച്ചാല്‍ നിങ്ങളുമായി ബന്ധപ്പെട്ടവര്‍ അതില്‍ പ്രതികളായി വരുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *