പനി മാറിയാലും വിശ്രമം ആവിശ്യമാണ്
സംസ്ഥാനത്ത് കഴിഞ്ഞദിവസം മാത്രം നാല് പനിമരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും 13,511 പേർ പനിബാധിച്ച് ചികിത്സതേടുകയും ചെയ്തു. 99 പേർക്ക് ഡെങ്കിപ്പനിയും 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പകർച്ചവ്യാധിപ്രതിരോധത്തിന് ആരോഗ്യവകുപ്പ് റാപിഡ് റെസ്പോൺസ് ടീം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും കോളറയും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ എലിപ്പനി, ഡെങ്കിപ്പനി, ചെള്ളുപനി തുടങ്ങിയവ ബാധിച്ച് 168 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. വിവിധ രോഗലക്ഷണങ്ങളോടെ 176 പേർ മരിച്ചതായും കണക്കുകളിലുണ്ട്. പനിമരണങ്ങൾക്കൊപ്പം തന്നെ ആശങ്കപ്പെടുത്തുന്നതാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോളറ വ്യാപനം.
ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ഗുനിയ മുതലായ കൊതുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ വ്യക്തിഗത മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.
വയറിളക്ക രോഗങ്ങള്‍, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാല്‍ തന്നെ പ്രതിരോധം പ്രധാനമാണ്.
ആശങ്ക വേണ്ടാ, ജാഗ്രത മതി
പനിക്കണക്കുകൾ കൂടുന്നെങ്കിലും രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ എത്തുന്നത് കുറവാണ്. ലക്ഷണം കണ്ടാൽ വെച്ചുകൊണ്ടിരിക്കരുത്. ചൂട് കുറയാനുള്ള മരുന്നും മറ്റുമായി സ്വയം ചികിത്സയല്ല വേണ്ടതെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.
ഡെങ്കിപ്പനി ലക്ഷണങ്ങൾ
പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്തു മരവിക്കുക, രക്തസമ്മർദം കുറയുക, കുട്ടികൾ തുടർച്ചയായി കരയുക തുടങ്ങിയവ ഡെങ്കിപ്പനിയുടെ സൂചനകളാണ്.
പനി മാറിയാലും വിശ്രമം വേണം
പനി മാറിയാലും മൂന്നുനാലു ദിവസം സമ്പൂർണവിശ്രമം തുടരുക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുക. ഡെങ്കിപ്പനിബാധിതർ പകൽ വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഒരുതവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകാൻ സാധ്യത കൂടുതലാണ്.
വേണ്ടത് പ്രതിരോധം
ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധമാർഗം ഈഡിസ് കൊതുകുനിയന്ത്രണമാണ്. കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കിയും വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചും ഡെങ്കിപ്പനിയെ നിയന്ത്രിക്കാം. വെള്ളം സംഭരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി എവിടെല്ലാം വെള്ളം കെട്ടിനിൽക്കുന്നുണ്ടോ അതെല്ലാം എത്രയും പെട്ടെന്നു നീക്കണം.
ആശങ്കയായി കോളറ വ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ വ്യാപിക്കുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്തുവയസ്സുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്പെഷ്യൽ സ്കൂൾ ഹോസ്റ്റൽ അന്തേവാസിയായ കുട്ടിക്കാണ് രോഗബാധ. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങളായിരുന്നു അനുവിനും. മരിച്ചവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
ഏഴുവർഷംമുമ്പ് 2017-ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്. സംസ്ഥാനത്ത് ആറുമാസത്തിനിടെ ഒമ്പതുപേർക്കാണ് കോളറ സ്ഥിരീകരിച്ചത്. നിലവിൽ 13 പേർ വയറിളക്കരോഗവുമായി മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ചികിത്സയിലാണ്.
സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളത്തിന്റെ ഉൾപ്പെടെയുള്ള സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധപരിചരണം ഉറപ്പാക്കും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
- തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.
- കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക.
- ഭക്ഷണം പാകം ചെയ്യും മുന്‍പും കഴിക്കുന്നതിനു മുന്‍പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക.
- വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ്. ലായനി ആവശ്യാനുസരണം കുടിക്കുക. കൂടെ ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍ വെളളം എന്നിവയും കൂടുതലായി നല്‍കുക.
- വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും വെളളവും കൂടുതലായി നല്‍കണം.
- നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ (വര്‍ദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചര്‍മ്മം, മയക്കം, മൂത്രത്തിന്റെ അളവിലോ നിറത്തിലോയുള്ള വ്യത്യാസം) കണ്ടാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.