യുവതിയെയും രണ്ടുമക്കളെയും വീട്ടിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍
കോയമ്പത്തൂര്‍: ഓണ്ടിപുത്തൂര്‍ വീവര്‍ കോളനിയില്‍ എം.ജി.ആര്‍. നഗറില്‍ യുവതിയെയും രണ്ടുമക്കളെയും വീട്ടിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് തങ്കരാജിനെ (40) സൂളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തങ്കരാജിന്റെ ഭാര്യ പുഷ്പ (35), മക്കളായ ഹരിണി (ഒന്‍പത്), ശിവാനി (മൂന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്ഥിരം മദ്യപാനിയായ തങ്കരാജ്, മദ്യപിക്കാന്‍ പണം നല്‍കാത്തതിനെച്ചൊല്ലി ഞായറാഴ്ചരാത്രി ഭാര്യ പുഷ്പയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നു പോലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനിടെ തങ്കരാജ്, മൂത്തമകള്‍ ഹരിണിയെ വെള്ളം സംഭരിക്കാന്‍ വീട്ടിനകത്തുനിര്‍മിച്ച ടാങ്കിലേക്ക് എറിയുകയായിരുന്നെന്നും പറഞ്ഞു. മകളെ രക്ഷിക്കാന്‍ പുഷ്പ ടാങ്കില്‍ ഇറങ്ങിയപ്പോള്‍ ഇളയ മകളെയും ടാങ്കിലേക്ക് തള്ളിയിട്ടു. പിന്നീട് ടാങ്ക് അടയ്ക്കുകയും ചെയ്തു. ഇതോടെ മൂവരും മുങ്ങിമരിക്കുകയായിരുന്നുവെന്ന് സൂളൂര്‍ പോലീസ് പറയുന്നു.
ഭാര്യയും മക്കളും ടാങ്കില്‍ മരിച്ചുകിടക്കുന്നുവെന്നാണ് തങ്കരാജ് തിങ്കളാഴ്ച രാവിലെ സമീപവാസികളെ അറിയിച്ചത്. ആദ്യം ആത്മഹത്യയാണെന്നു കരുതിയെങ്കിലും പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. ചോദ്യംചെയ്യലില്‍ തങ്കരാജ് കൊലപാതകം നടത്തിയെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
തങ്കരാജിനെ സംഭവസ്ഥലത്തുകൊണ്ടുപോയി തെളിവെടുത്തശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.