ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം:18 പേർ മരിച്ചു
ഉന്നാവ് : ഉത്തർപ്രദേശിലെ ഉന്നാവിനുസമീപം ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ലക്നൗ– ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു അപകടം. ബിഹാറിലെ സീതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ഡബിൾ ഡെക്കർ ബസാണ് അപകടത്തിൽപ്പെട്ടത്.
പാൽ കയറ്റിവരുകയായിരുന്ന ടാങ്കർ ലോറിയുടെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.