തൃശൂരില്‍ ഗേറ്റ് അടക്കുന്നതിന് മുമ്പ് ട്രെയിന്‍ എത്തി: കുറുകെ കടന്ന് സ്‌കൂള്‍ വാന്‍
തൃശൂര്‍: തൃശൂരിൽ റെയിൽവേ ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍ എത്തി. തൃശൂര്‍ തൈക്കാട്ടുശ്ശേരി റയില്‍വേ ഗേറ്റ് അടയ്‌ക്കും മുമ്പേയാണ് ട്രെയിന്‍ എത്തിയത്. ട്രെയിന്‍ വരുമ്പോള്‍ സ്‌കൂള്‍ വാന്‍ കുറുകെ കടക്കുകയായിരുന്നു. തലനാരിഴയ്‌ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ജനശതാബ്ദി ട്രെയിനാണ് ഗേറ്റ് അടക്കുന്നതിന് മുമ്പേ എത്തിയത്. 300 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോഴാണ് ട്രെയിന്‍ കണ്ടതെന്ന് സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വിജയകുമാര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് വാനില്‍ ഉണ്ടായിരുന്നത്.
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗേറ്റിന് സമീപം ട്രാക്കില്‍ നിര്‍ത്തി. ഗേറ്റ് കീപ്പര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കാതെ ട്രെയിന്‍ കടന്നുപോകില്ലായിരുന്നുവെന്ന് വിഷയത്തില്‍ റെയില്‍വേ പ്രതികരിച്ചു. അതേസമയം, തൃശൂരിൽ കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി എൻജിനിൽ നിന്നും വേർപ്പെട്ടു. എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപ്പെട്ടത്. ചേലക്കര വള്ളത്തോൾ നഗറിലാണ് സംഭവമുണ്ടായത്.
സിഎംഡബ്ല്യു ഷൊർണൂർ സ്റ്റാഫ് അംഗങ്ങളും ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, മെക്കാനിക്കൽ വിഭാഗവും, റെയിൽവേ പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിചിരുന്നു. ട്രെയിനിന്റെ എ സി കോച്ചിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചതാണ് കാരണം. ഒരു മണിക്കൂറിന് ശേഷം ട്രെയിന്റെ വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിച്ച ശേഷം ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി