സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം വർദ്ധിക്കും
തിരുവനന്തപുരം: സർക്കാർ സമർപ്പിച്ച തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർഡ് വിഭജന ബില്ല് പാസായതോടെ അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് വീതം വർദ്ധിക്കും. വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പുവച്ചതോടെ ഇനി ഡിലിമിറ്റേഷൻ കമ്മീഷന് വാർഡ് വിഭജന നടപടികളിലേക്ക് കടക്കാനും സാധിക്കും.
നിയമസഭയിൽ ചർച്ച കൂടാതെ ജൂൺ 10നാണ് ബില്ല് പാസാക്കിയത്. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഇന്നലെ വൈകിട്ടോടെയാണ് ഗവർണർ ഒപ്പുവെച്ചത്. നേരത്തെ തന്നെ നിയമസഭാ തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ബില്ല് പാസാക്കിയിരുന്നു. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു എങ്കിലും ഈ ആവശ്യം തള്ളിയ ഗവർണർ ബില്ലിൽ ഒപ്പുവെക്കുകയായിരുന്നു.
2024ലെ കേരള പഞ്ചായത്ത് രാജ്( രണ്ടാം ഭേദഗതി)ബിൽ, കേരള മുനിസിപ്പാലിറ്റി( രണ്ടാം ഭേദഗതി)ബിൽ എന്നിവയാണ് ഗവർണർ ഇന്നലെ വൈകിട്ടോടെ ഒപ്പുവെച്ചത്. നിലവിൽ സംസ്ഥാനത്ത് ഉള്ള വാർഡുകൾ 2001ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ളതാണ്. 2020ൽ നിയമസഭ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് വിഭജനത്തിനായി ബിൽ പാസാക്കിയിരുന്നു എങ്കിലും കോവിഡ് കാരണം നടപ്പാക്കാൻ സാധിച്ചിരുന്നില്ല.
പ്രതിപക്ഷ നേതാവ് സതീശൻ ബില്ലിനെതിരെ ഗവർണർക്ക് കത്ത് നൽകിയിരുന്നു എങ്കിലും സർക്കാറിനോട് ഇതിന് വിശദീകരണം ചോദിച്ച് മറുപടി ബോധ്യപ്പെട്ടതിനുശേഷം ആണ് ഗവർണർ ബില്ലിൽ ഒപ്പുവെച്ചത്. ബില്ലുകൾ നിയമസഭയിൽ പാസാക്കിയതോടെ ഡിലിമിറ്റേഷൻ കമ്മീഷൻ വാർഡ് വിഭജനത്തിനായി സർക്കാർ രൂപീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ് വിഭജനത്തിനുള്ള കരട് നിർദ്ദേശങ്ങൾ തദ്ദേശസ്ഥാപന സെക്രട്ടറിമാർ തയ്യാറാക്കുകയും കളക്ടർ മുഖേന കമ്മീഷന് നൽകുകയും ചെയ്യും. വെബ്സൈറ്റിൽ കമ്മീഷൻ പ്രസ്സ് പ്രസിദ്ധീകരിക്കുന്ന കരട് നിർദ്ദേശങ്ങളിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുകയും ഇത് പരിശോധിച്ച് തീർപ്പാക്കി അന്തിമ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്യും.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന വാർഡ് വിഭജനത്തിന്റെ ആദ്യഘട്ടത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവയുടെ വിഭജനവും രണ്ടാംഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് വിഭജനവും മൂന്നാംഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വിഭജനവും നടക്കും. തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുന്നതിനു മുൻപ് പോളിംഗ് ബൂത്തുകളുടെ എണ്ണം നിശ്ചയിക്കൽ, സംവരണ വാർഡുകൾ നിശ്ചയിക്കൽ, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയവ പൂർത്തിയാക്കേണ്ടതുണ്ട്. പുതിയ തദ്ദേശ ഭരണസമിതികൾ ചുമതലയിൽ ഏൽക്കേണ്ടത് 2025 ഡിസംബർ 21നുള്ളിലാണ്