പറവ കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല; നടനും നിര്‍മാതാവും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍
കൊച്ചി: പറവ ഫിലിംസ് കമ്പനി യാതൊരു വിധത്തിലും കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല എന്ന് നടനും നിര്‍മാതാവും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. ഇഡിക്ക് നല്‍കിയ മൊഴിയിലാണ് സൗബിന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും രേഖകളുണ്ട് എന്നും സൗബിന്‍ പറഞ്ഞു. സാമ്പത്തിക ഇടപാട് സംബന്ധിച്ച കരാര്‍ ലംഘിച്ചത് പരാതിക്കാരനാണ് എന്നും സൗബിന്‍ പറയുന്നു.
ബോക്‌സോഫീസ് കളക്ഷന്‍ റെക്കോഡ് ഭേദിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 11 നാണ് നിര്‍മാതാക്കള്‍ക്കെതിരെ കള്ളപ്പണ ഇടപാടുകളില്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് കേസുമുണ്ട്. സിനിമയുടെ നിര്‍മാണത്തിനായി തന്റെ പക്കല്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചു എന്നാണ് സിറാജിന്റെ പരാതി. ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നല്‍കിയിരുന്നു എന്നും സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു എന്നുമാണ് സിറാജ് പറയുന്നു. എന്നാല്‍ ഒരു രൂപ പോലും തിരികെ ലഭിച്ചിട്ടില്ല എന്നാണ് സിറാജിന്റെ പരാതി.
എന്നാല്‍ ഇയാളില്‍ നിന്ന് വാങ്ങിയ ഏഴ് കോടിയില്‍ ആറര കോടിയും തിരികെ നല്‍കിയിട്ടുണ്ട് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഷൂട്ടിംഗ് സമയത്ത് രണ്ട് കോടി രൂപ മാത്രമാണ് സിറാജ് നല്‍കിയത് എന്നും പിന്നീട് പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്താണ് ബാക്കി പണം തന്നത് എന്നുമാണ് നിര്‍മാതാക്കളുടെ വിശദീകരണം. അതേസമയം പറവ ഫിലിംസ് നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയാണെന്നാണ് സിറാജ് ആരോപിക്കുന്നത്.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു എന്നാണ് ഹൈക്കോടതിയില്‍ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സിനിമക്ക് ചെലവായത് 18.65 കോടി രൂപയാണ് എന്നും എന്നാല്‍ 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിര്‍മ്മാതാക്കളുടെ വാദമെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
പറവ ഫിലിംസിന്റെ ഉടമസ്ഥരായ സൗബിന്‍, ഷോണ്‍, ബാബു എന്നിവര്‍ക്കെതിരെ മരട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്. അതിനിടെ കഴിഞ്ഞ ദിവസം കേസില്‍ യൂസ്ഡ് കാര്‍ ഷോറൂമില്‍ ഇഡി പരിശോധന നടത്തിയിരുന്നു. സൗബിന് പങ്കാളിത്തമുള്ള സ്ഥാപനത്തിലായിരുന്നു പരിശോധന.
സ്ഥാപന ഉടമ മുജീബ് റഹ്‌മാനെ ഇഡി ചോദ്യം ചെയ്തു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസിലായിരുന്നു പരിശോധന. മറ്റൊരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെയും അതിനു മുന്‍പ് ചോദ്യം ചെയ്തിരുന്നു. സിനിമയുടെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ഇഡി നിയമോപദേശം തേടുകയും ചെയ്തിരുന്നു.
പറവ ഫിലിംസ് നിര്‍മ്മിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്സ് ഓഫീസില്‍ 250 കോടിയിലധികം കളക്ഷന്‍ നേടിയാതായി വിവരം പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതിയും മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരുന്നു. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍, ശ്രീനാഥ് ഭാസി, ഗണപതി, ദീപക് പറമ്പോല്‍, ചന്തു സലീം കുമാര്‍, ഖാലിദ് റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.