കോഴ വിവാദത്തെക്കുറിച്ച് അറിയില്ല; കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ
കോഴിക്കോട് : പിഎസ്‌സി അംഗത്വത്തിനു കോഴ വാങ്ങിയെന്ന ആരോപണം പൂർണമായി നിഷേധിച്ച് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്ന കോലാഹലം മാത്രം. കോഴ വിവാദത്തെക്കുറിച്ച് അറിയില്ല. നിങ്ങളുടെ കയ്യിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ എഴുതി തന്നേക്കൂ, അന്വേഷിക്കാമെന്നും പി.മോഹനൻ പറഞ്ഞു.പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് പാർട്ടി പ്രവർത്തകൻ പ്രമോദ് കോട്ടൂളി പണം കൈപ്പറ്റിയെന്ന ആരോപണത്തോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇതേക്കുറിച്ച് ഒരറിവും ഞങ്ങൾക്ക് അറിയില്ല. എനിക്കോ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിനോ അറിയില്ല. എന്തെങ്കിലും കോലാഹലമുണ്ടാക്കി മുഹമ്മദ് റിയാസിനെയും പാർട്ടിയെയും കരിവാരിത്തേക്കാമെന്നാണെങ്കിൽ അതു നടക്കില്ല. അതിനെതിരെ ശക്തമായി പ്രതിരോധിക്കും. തെറ്റായ പ്രവണതകൾ ഒരു പാർട്ടി പ്രവർത്തകന്റെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലാത്തതാണ്. അങ്ങനെയെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഞങ്ങൾ കർശന നിലപാട് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുണ്ട്’’ – മോഹനൻ പറഞ്ഞു.
നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിലും പറഞ്ഞ സംഭവമാണ് ഇന്ന് മോഹനൻ അറിയില്ലെന്നു പറഞ്ഞത്. ഹോമിയോ ഡോക്ടർക്ക് പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പരാതി ഉയർന്നതോടെ പാർട്ടി അന്വേഷണം നടത്തിയിരുന്നു. സംഭവം വിവാദമാകുന്നതിന് മുമ്പേ പണം തിരികെ നൽകി ഒതുക്കിയെന്നാണ് വിവരം.