ജമ്മു കശ്മീരി ഭീകരാക്രമണം:പാക്ക് ഭീകരർ ഉപയോഗിച്ചത് യുഎസ് നിർമിത റൈഫിൾ

0

ശ്രീനഗർ  : ജമ്മു കശ്മീരിലെ കഠ്‍വയിൽ തിങ്കളാഴ്ച സൈനികരുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രദേശവാസികളുടെ പങ്കിനെക്കുറിച്ചും അന്വേഷണം. പാക്ക് ഭീകരർക്ക് ഭക്ഷണവും താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരു പ്രദേശവാസിയിൽ നിന്ന് ലഭിച്ചതായാണ് നിഗമനം. ആക്രമണത്തിന് ശേഷം ഭീകരരെ രക്ഷപ്പെടുത്തിയതും ഒളിത്താവളത്തിൽ എത്താൻ സഹായിച്ചതും ഇയാളാണെന്നും സൈന്യത്തിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. അതിനിടെ ഭീകരർ ഉപയോഗിച്ച തോക്കിനെ കുറിച്ചും ചില നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ നിർമിത എം4 കാർബൈൻ എന്ന അത്യാധുനിക റൈഫിളുകളാണ് ഇവർ ഉപയോഗിച്ചതെന്നാണ് വിവരം.

ബില്ലവാറിലെ മച്ചേദി മേഖലയിലെ കുന്നിൻ മുകളിൽ വച്ച് തിങ്കളാഴ്ച വൈകീട്ടാണ് പാക്ക് ഭീകരർ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. വാഹനത്തിനു നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 5 സൈനികർ വീരമ‍ൃത്യു വരിച്ചിരുന്നു. കുന്നിൻ മുകളിലൂടെ സൈനിക വാഹനം പതിയെ മുന്നോട്ട് നീങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മുൻ ആക്രമണങ്ങളുടെ മാതൃകയിൽ ആദ്യം സൈനിക വാഹനത്തിന്റെ ഡ്രൈവറെയാണ് ഭീകരർ ലക്ഷ്യം വച്ചത്.

അതേസമയം ആക്രമണം നടത്തിയ പാക്ക് ഭീകരർക്കായി സൈന്യം മേഖലയിൽ തിരച്ചിൽ ഊർജിതമാക്കി. വനമേഖലയിലടക്കം സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഠ്‍വയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ബില്ലവാറിലെ മച്ചേദി മേഖല. ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് ഉദ്യോഗസ്ഥരിൽ ഒരാൾ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ്. ആക്രമണത്തിൽ പരുക്കേറ്റ അഞ്ച് സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മാസത്തിനിടെ ജമ്മു മേഖലയിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *