നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് ഉരുണ്ടുനീങ്ങി ഗേറ്റും മതിലും തകര്‍ത്തു
കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചുതകർത്തു. ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പ്രസ് ക്ലബ്– പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലുമാണ് തകർത്തത്. ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡും കടന്നാണ് ബസ് മതിലിൽ ഇടിച്ചുനിന്നത്. റോഡിൽ മറ്റുവാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കാൻ പോയ സമയത്താണ് അപകടം സംഭവിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്കു നിരങ്ങി നീങ്ങുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.