എയർ ഇന്ത്യാ സർവീസുകൾ വീണ്ടും റദ്ദാക്കി
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. മസ്ക്കറ്റ്-കണ്ണൂർ സെക്ടറിലെ സർവീസുകൾ ആണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദ് ചെയ്തത്. ശനിയാഴ്ച രാവിലെ 6.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്കറ്റിൽ എത്തുന്ന ഐഎക്സ് 0713 വിമാനവും മസ്കറ്റിൽ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരിൽ എത്തുന്ന ഐഎക്സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.
മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസവും രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.വെള്ളിയാഴ്ച മസ്കറ്റ്-കോഴിക്കോട്ട് റൂട്ടിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ശനിയാഴ്ച സർവീസ് റദ്ദാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എയർ ഇന്ത്യാ യാത്രക്കാർക്ക് നൽകി. എയർ ഇന്ത്യാ എക്സ്പ്രസിന്റെ നിരന്തരമായ റദ്ദാക്കലുകൾ മൂലം ബുദ്ധിമുട്ടിലായ നിരവധി യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇന്നലെ രാത്രിയാണ് വിമാനം റദ്ദാക്കൽ വിവരം യാത്രക്കാർക്ക് ലഭിച്ചത്. വിമാന സർവീസ് റദ്ദാക്കിയത് മൂലം കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിസന്ധിയിലായത്.
വേനൽക്കാല അവധിക്കായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. കഴിഞ്ഞ ബലിപെരുന്നാൾ അവധി ദിനങ്ങളിലും മണിക്കൂറുകൾ വൈകിയാണ് എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയത്.