ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി എത്തുന്നത്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും.
ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഐ.ഐ.എസ്.ടിയിൽ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കുവാനായി പോകും. മികവുറ്റ വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡൽ ഓഫ് എക്സലൻസ് ചടങ്ങിൽ ഉപരാഷ്ട്രപതി സമ്മാനിക്കും.
ശേഷം മൂന്ന് മണിയോടെ ഹെലിക്കോപ്റ്ററിൽ കൊല്ലത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. ഐഎസ്ആര്‍ഒ അധ്യക്ഷനും ഐഐഎസ്ടി ഗവേണിംഗ് ബോഡി ചെയര്‍മാനുമായ എസ് സോമനാഥ്, ചാന്‍സലര്‍ ഡോ ബി എന്‍ സുരേഷ്, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന് നായര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
തുടർന്ന് കൊല്ലത്തായിരിക്കും ഉപരാഷ്ട്രപതി രാത്രി തങ്ങുന്നത്. ഞായറാഴ്ച രാവിലെ 9.15ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും. രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും