വിഷമദ്യ ദുരന്തത്തിൽ; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ :കള്ളകുറിച്ചി വിഷമദ്യ ദുരന്തത്തിൽ 65 പേർ മരിച്ച സംഭവത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയ സർക്കാർ നടപടിയെയാണു കോടതി വിമർശിച്ചത്. നഷ്ടപരിഹാരം നൽകിയതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ എത്തിയ ഹർജി പരിഗണിക്കവെയാണു വിമർശനം.
വിഷമദ്യ ദുരന്തത്തിനു കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്നു കോടതി നിരീക്ഷിച്ചു. ദുരന്തസാഹചര്യം തരണം ചെയ്യാനാണു കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകിയതെന്നാണു സർക്കാരിന്റെ വാദം. എന്നാൽ ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ എന്തിനു പ്രോത്സാഹിപ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.മഹാദേവൻ ചോദിച്ചു.
“നിങ്ങൾ 10 ലക്ഷം കൊടുക്കുന്നു. എന്നാൽ ഇത് പ്രോത്സാഹനം മാത്രമാണ്. ഒരാൾ അപകടത്തിൽ മരിച്ചാൽ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകാം. എന്നാൽ ഇത് അങ്ങനെയൊരു സാഹചര്യമല്ല. 10 ലക്ഷം അധികമാണ്. നിങ്ങൾ സെക്രട്ടറിമാരോടൊപ്പം ഇരുന്ന് ആലോചിക്കൂ. ഇതിനു മറ്റെന്തെങ്കിലും സംവിധാനം കണ്ടെത്തേണ്ടതുണ്ട്.”- കോടതി പറഞ്ഞു. കേസ് രണ്ടാഴ്ചത്തേക്ക് മദ്രാസ് ഹൈക്കോടതി മാറ്റി വച്ചിട്ടുണ്ട്.