വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു
കോഴിക്കോട് : പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്നു വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. ബുധനാഴ്ച പുലർച്ചെ അഞ്ചോടെ നഗരത്തിലാണ് സംഭവം. പരുക്കേറ്റ വയനാട് ഇരുളം സ്വദേശി ജോസഫീന (67) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം തുടങ്ങി. വീഴ്ചയിൽ പരുക്കേറ്റ ജോസഫീന പുലർച്ചെ റോഡിൽ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. വഴി യാത്രക്കാരെരോടു സഹായം അഭ്യർഥിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ അര കിലോമീറ്ററോളം നടന്നു ബസിൽ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
സംഭവത്തെപ്പറ്റി ജോസഫീന പൊലീസിനോടും ബന്ധുക്കളോടും വിശദീകരിച്ചത്: വയനാട്ടിൽനിന്നു ഞായറാഴ്ച രണ്ടാമത്തെ മകന്റെ കായംകുളത്തുള്ള വീട്ടിലേക്കു പോയി തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. പുലർച്ചെ 4.50ന് മലബാർ എക്സ്പ്രസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ഒപ്പം 4 സ്ത്രീകൾ ഉണ്ടായിരുന്നു. ഒന്നിച്ചു സ്റ്റാൻഡിലേക്കു നടന്നു പോകാൻ തീരുമാനിച്ചു. മേലേ പാളയത്തു ചെമ്പോട്ടി ജംക്‌ഷനിൽ എത്തിയപ്പോൾ മഴ പെയ്തു. ഇതോടെ ഒപ്പം സഞ്ചരിച്ച 4 സ്ത്രീകൾ തൊട്ടടുത്ത ഹോട്ടലിൽ കയറി. ഈ സമയം അതുവഴി എത്തിയ ഓട്ടോക്കാരൻ വണ്ടി നിർത്തി. എന്നാൽ കുറെ നേരമായിട്ടും സ്ഥലത്തെത്തിയില്ല. സംശയം തോന്നി ഓട്ടോക്കാരനോട് നിർത്താൻ അറിയിച്ചെങ്കിലും ഡ്രൈവർ മറ്റു വഴികളിലൂടെ പോവുകയായിരുന്നു.
വീണ്ടും നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തി. ഓട്ടത്തിനിടയിൽ ഡ്രൈവർ ഒരു കൈ പിറകുവശത്തെക്കു നീട്ടി മാല പൊട്ടിക്കാൻ ശ്രമിച്ചു. തടുക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ മാല പൊട്ടിച്ചു. ഓട്ടോയിൽനിന്നു പുറത്തേക്കു തള്ളിയിടുകയും ചെയ്തു. വീഴ്ചയിൽ താടിയെല്ലിനും കൈ മുട്ടിനും ചെവിയ്ക്കു താഴെയും മുറിവുണ്ടായി രക്തം വാർന്നു. ഷാൾ കൊണ്ട് മുറിവു കെട്ടി മഴയിൽ കിടന്നു. അതുവഴി വന്ന വന്നവരോട് സഹായം അഭ്യർഥിച്ചെങ്കിലും ആരും സഹായിച്ചില്ല.
ഒടുവിൽ നടന്നു പാളയം സ്റ്റാൻഡിൽ എത്തി. അവിടെനിന്നു കൂടരഞ്ഞിയിലുള്ള സഹോദരന്റെ വീട്ടിലേക്കു ബസ് കയറി. പിന്നീട് ബന്ധുക്കളെ അറിയിച്ചു. ഇതോടെ കൂടരഞ്ഞിയിൽനിന്നു ബന്ധുക്കൾ എത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതർ ടൗൺ പൊലീസിൽ വിവരം അറിയിച്ചതിനു പിന്നാലെ പരുക്കേറ്റ ജോസഫീനയിൽനിന്നു പൊലീസ് മൊഴിയെടുത്തു. പരാതിയിൽ കേസെടുത്തു അന്വേഷണം തുടങ്ങി.