അയോധ്യ ക്ഷേത്രത്തിൽ പൂജാരിമാർക്ക് ഇനി മഞ്ഞവസ്ത്രം
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് ഇനി മഞ്ഞ വസ്ത്രം. പൂജാരിമാർ പീതാംബര ധാരികളായിരിക്കണമെന്നുൾപ്പെടെ മാർഗനിർദേശങ്ങൾ ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കി. ക്ഷേത്രത്തിൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി.
നേരത്തെ കാവി കുർത്തയും ധോത്തിയും തലപ്പാവുമായിരുന്നു പൂജാരിമാരുടെ വേഷം. ചില പൂജാരിമാർ പീതാംബരധാരികളായും എത്തിയിരുന്നു. പൂജാരിമാരെ പെട്ടെന്നു തിരിച്ചറിയാനാണ് അവർക്കു പ്രത്യേക വസ്ത്രം ഏർപ്പെടുത്തിയത്. സുരക്ഷയുടെ ഭാഗമായാണു മൊബൈൽ ഫോണിനു വിലക്ക്.
രാമക്ഷേത്രത്തിൽ ഒരു മുഖ്യപൂജാരിയും നാലു സഹപൂജാരിമാരുമുണ്ട്. ഇവരെ സഹായിക്കാൻ 20 ട്രെയിനികളുമുണ്ടാകും. പുലർച്ചെ 3.30 മുതൽ രാത്രി 11 മണിവരെയാണ് ക്ഷേത്രത്തിലെ പൂജാസമയം. പൂജാരിമാരുടെ ഓരോ സംഘവും അഞ്ച് മണിക്കൂർ ക്ഷേത്രത്തിലെ ചടങ്ങുകൾക്കു വേണ്ടി ചെലവഴിക്കണമെന്ന് ട്രസ്റ്റ് പറയുന്നു.
സനാതന ധർമം പറയുന്നത് പൂജാരിമാർ തലയും കൈകളും മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നാണ്. പുതിയ ഡ്രസ് കോഡ് നിശ്ചയിച്ചിരിക്കുന്നത് ഇപ്രകാരമെന്ന് സഹ പൂജാരിമാരിൽ ഒരാളായ സന്തോഷ് കുമാർ തിവാരി. തലപ്പാവ് ഉൾപ്പെടെ പുതിയ വസ്ത്രധാരണ രീതിയിൽ മുഴുവൻ പൂജാരിമാർക്കും ക്ഷേത്ര ട്രസ്റ്റ് പരിശീലനം നൽകി