വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12ന്
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നു. ജൂലൈ 12ന് ആദ്യമദർഷിപ്പ് തുറമുഖത്ത് എത്തും. സർക്കാർ വൻ സ്വീകരണമാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നുള്ള മദർഷിപ്പിന് ഒരുക്കുന്നത്. നേരത്തെ ഇറക്കുമതി കയറ്റുമതി പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള കസ്റ്റംസ് ആക്ടിലെ സെക്ഷൻ 7എ പ്രകാരമുള്ള അംഗീകാരവും വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചിരുന്നു.
വാണിജ്യാടിസ്ഥാനത്തിൽ തുറമുഖം പ്രവർത്തനസജ്ജമായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കുന്നതിനുള്ള അനുമതിയും വിഴിഞ്ഞം തുറമുഖം കരസ്ഥമാക്കിയിരുന്നു. ആഭ്യന്തര തുറമുഖങ്ങളിൽ നിന്ന് ചെറു കപ്പലുകളിലും റോഡ് റെയിൽ മാർഗങ്ങളിലൂടെയും എത്തുന്ന ചരക്കുകൾ വലിയ ചരക്കുകപ്പലിലേക്ക് മാറ്റി വിദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും അയക്കുന്നവയാണ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾ.
ലോകത്തെ ഏതു വലിയ കപ്പലിനും അടുക്കാൻ സാധിക്കുന്ന വിഴിഞ്ഞം തുറമുഖം കേന്ദ്ര-സംസ്ഥാന സർക്കാരുകളും അദാനി ഗ്രൂപ്പും ചേർന്നുള്ള പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ്. 24 മീറ്റർ സ്വാഭാവിക ആഴമുണ്ടെന്നതും 800 മീറ്റർ ബര്‍ത്താണ് സജ്ജമാകുന്നത് എന്നതും രാജ്യാന്തര കപ്പൽ പാതയ്‌ക്ക് തൊട്ടടുത്താണ് എന്നതും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന പ്രത്യേകതകളാണ്.
കണ്ടെയ്നറുകളുടെ നീക്കത്തിനായി 32 ക്രെയിനുകൾ ഉള്ളതിൽ 31 എണ്ണവും നിലവിൽ വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. സ്വാഭാവിക ആഴക്കുറവ്, ചെറിയ ബർത്തുകൾ, രാജ്യാന്തര കപ്പൽ പാതയിൽ നിന്നുള്ള അകലം തുടങ്ങിയവയാണ് മദർഷിപ്പുകളെ ഇന്ത്യയിൽ നിന്ന് അകറ്റിനിർത്തുന്നത്. വിഴിഞ്ഞം തുറമുഖം സജ്ജമാക്കുന്നതോടെ ഇന്ത്യയുടെ കടൽ വഴിയുള്ള രാജ്യാന്തര ചരക്കുനിക്കത്തിന്റെ കവാടമായും വിഴിഞ്ഞം തുറമുഖം മാറും