ഇന്ത്യൻ ടീമിന്റെ റോഡ്ഷോ തുടങ്ങി
മുംബൈ: ട്വന്റി 20 ലോകചാമ്പ്യന്മാരായി എത്തിയ ഇന്ത്യൻ ടീമിന്റെ മെഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ തുടക്കമായി. വിജയ ആഘോഷത്തിനായി കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. വാങ്കഡെ സ്റ്റേഡിയം വരെയാണ് ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടക്കുക.
2007 ട്വന്റി 20 ലോകകപ്പ് നേടിയ എം എസ് ധോണിയുടെ യാത്രയ്ക്ക് സമാനമായാണ് ഇത്തവണയും റോഡ്ഷോ സംഘടിപ്പിക്കുന്നത്. 2007ൽ എം എസ് ധോണിയും സംഘവും സഞ്ചരിച്ച ബസിന് വിജയരഥ് എന്നായിരുന്നു പേര് നൽകിയത്. ഇത്തവണ താരങ്ങൾ യാത്ര ചെയ്യുന്ന ബസിന് ചാമ്പ്യൻസ് 2024 എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഇന്ന് പുലർച്ചെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യൻ താരങ്ങൾ സന്ദർശിച്ചിരുന്നു.ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വസതിയില്‍ ഗംഭീര സ്വീകരണമാണ് പ്രധാനമന്ത്രി വസതിയിൽ ഒരുക്കിയത്. പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ച ശേഷം ടീമംഗങ്ങളുമായുള്ള കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലോകചാമ്പ്യന്‍മാര്‍ക്കൊപ്പമുള്ള ചിത്രവും മോദി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. നമ്മുടെ ചാമ്പ്യന്മാര്ക്കൊപ്പം മികച്ച ഒരു ഒത്തുചേരലെന്നായിരുന്നു കൂടിക്കാഴ്ചയെ മോദി വിശേഷിപ്പിച്ചത്. ടൂര്‍ണമെന്റിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ അവര്‍ പങ്കുവച്ചെന്നും മോദി പറഞ്ഞു.
ബാര്‍ബഡോസില്‍ നിന്ന് ഇന്ന് രാവിലെ ആറു മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍ എത്തിയത്. പ്രതികൂല കാലാവസ്ഥയിലും നൂറ് കണക്കിനാളുകളാണ് ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാനായി എത്തിയത്. പിന്നാലെ ഐടിസി മൗര്യ ഹോട്ടലിലേക്ക് പോയ ഇന്ത്യന്‍ ടീം വിമാനത്താവളത്തിനും ഹോട്ടലിനും പുറത്ത് തടിച്ചുകൂടിയിരുന്ന ആരാധകര്‍ക്കൊപ്പം കിരീട വിജയം ആഘോഷിച്ചു. ഹോട്ടലില്‍ തയ്യാറാക്കിയ പ്രത്യേക കേക്ക് ഇന്ത്യന്‍ സംഘം മുറിച്ചു