ഇനിയും 20 വർഷം രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : ഇനിയും 20 വർഷം രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ മൂന്നിലൊന്നു കാലമേ പൂർത്തിയായിട്ടുള്ളൂ. അടുത്ത അഞ്ചു വർഷം ഇന്ത്യ പുതിയ ഉയരങ്ങളിലേക്കെത്തുമെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ വിട്ടു. ഭരണഘടനയുടെ ഏറ്റവും വലിയ വിരോധികളാണ് കോൺഗ്രസെന്നും അടിയന്തരാവസ്ഥയുടെ ഗുണം അനുഭവിച്ചവരിൽ പലരും ഇക്കൂട്ടത്തിൽതന്നെ ഇരിപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോള് അതൊക്കെ പഴങ്കഥയാണെന്ന് കോണ്ഗ്രസ് പറയുന്നു. പഴയതാണെന്നു കരുതി അത് ഇല്ലാതാവുന്നുണ്ടോ എന്നും മോദി ചോദിച്ചു.
‘‘സർക്കാരിനു വഴിവെളിച്ചം നൽകുന്നതു പവിത്രമായ ഭരണഘടനയാണ്. അതാണ് സർക്കാരിന്റെ പ്രചോദനം. നുണ പറഞ്ഞവർക്ക് സത്യത്തെ കേൾക്കാൻ പേടിയാണ്. പ്രതിപക്ഷം സത്യത്തെ അഭിമുഖീകരിക്കുന്നില്ല. സഭയെ അപമാനിക്കുന്ന നടപടിയാണ് പ്രതിപക്ഷത്തിന്റേത്. ഇത് അങ്ങേയറ്റം വേദനിപ്പിക്കുന്നു. ഭരണഘടനയാണ് ഞങ്ങളുടെ ഊർജം. തിരഞ്ഞെടുപ്പ് ജയം ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമാണ്. കഴിഞ്ഞ പത്തു വർഷത്തെ ഭരണം ട്രെയിലർ മാത്രമാണ്.
ജനങ്ങൾ അവരുടെ വോട്ടവകാശം ശരിയായി വിനിയോഗിച്ചതിൽ അഭിമാനമുണ്ട്. വ്യാജ പ്രചരണങ്ങളെയാണ് ജനം തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്. പ്രതിപക്ഷം സത്യത്തിനു മേല് നുണകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. അവർക്ക് തിരഞ്ഞടുപ്പ് ഫലത്തെപ്പോലും വിലയില്ല’’– പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സംസാരം നീണ്ടുപോയതിനാൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ സംസാരിക്കാൻ അനുവദിക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അധ്യക്ഷൻ ജഗദീപ് ധൻകർ ഈ ആവശ്യം നിരാകരിച്ചതോടെയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കി ഇറങ്ങിപ്പോയത്.