ട്വന്റി20 ലോകകപ്പ് വരെ തുടരാൻ ആവശ്യപ്പെട്ടത് രോഹിത്: ദ്രാവിഡ്
ബ്രിജ്ടൗൺ : അഹമ്മദാബാദിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്കു പിന്നാലെ പരിശീലക സ്ഥാനം ഒഴിയാൻ താൻ തീരുമാനിച്ചിരുന്നതായും ക്യാപ്റ്റൻ രോഹിത് ശർമയുടെ നിർബന്ധത്തെത്തുടർന്നാണ് തീരുമാനം പിൻവലിച്ചതെന്നും രാഹുൽ ദ്രാവിഡ്. ട്വന്റി20 ലോകകപ്പോടെ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു. ‘‘നന്ദി പറയേണ്ടത് രോഹിത് ശർമയോടാണ്. കഴിഞ്ഞ നവംബറിൽ രോഹിത്തിന്റെ ആ ഫോൺ കോൾ എത്തിയില്ലായിരുന്നെങ്കിൽ ഇന്ന് ഈ കിരീടം എനിക്കു ലഭിക്കുമായിരുന്നില്ല.
രോഹിത്താണ് എന്നെ വിളിച്ച് ട്വന്റി20 ലോകകപ്പ് വരെ തുടരാൻ ആവശ്യപ്പെട്ടത്. കരിയറിൽ നേടിയ വിക്കറ്റോ റൺസോ അല്ല ഇത്തരം നിമിഷങ്ങളാണ് നിങ്ങൾ എന്നും ഓർത്തിരിക്കാൻ പോകുന്നത്’ ദ്രാവിഡ് പറഞ്ഞു. ദ്രാവിഡിനു ശേഷം ആരാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനാകുകയെന്ന് ഇതുവരെ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ വി.വി.എസ്. ലക്ഷ്മണാണ് ഇന്ത്യൻ ടീമിന്റെ കോച്ച്. മുന്‍ ഇന്ത്യൻ താരം ഗൗതം ഗംഭീർ പരിശീലകന്റെ ചുമതല ഏറ്റെടുക്കുമെന്നാണു വിവരം.