ഹ്യുണ്ടായ് ഐപിഒ ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ആദ്യ ഓഹരി വിൽപനയ്ക്ക്
കൊച്ചി : കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ) ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ആദ്യ ഓഹരി വിൽപനയ്ക്ക് (ഐപിഒ). സ്ഥാപന–വ്യക്തിഗത നിക്ഷേപകരിൽ നിന്ന് 25000 കോടിയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ എൽഐസിയുടെ ഓഹരി വിൽപന 21000 കോടിക്കായിരുന്നു. ഇതു സംബന്ധിച്ച ആദ്യ നടപടിക്രമമായ ഡ്രാഫ്റ്റ് റെഡ്ഹെറിങ് പ്രോസ്പെക്ടസ് സെബിക്ക് സമർപ്പിച്ചു.
പ്രമോട്ടർമാരുടെ കൈവശമുള്ള 13% ഓഹരികളാണു വിൽക്കുന്നത്. ലിസ്റ്റ് ചെയ്യുമ്പോൾ 10 രൂപ മുഖവിലയുള്ള 14.2 കോടി ഓഹരികൾ വിപണിയിലെത്തും. അതിൽ 15% സ്ഥാപന നിക്ഷേപകർക്കും 50% ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും (ക്യൂഐബി), ബാക്കി 35% വ്യക്തിഗത നിക്ഷേപകർക്കുമാണ്.ഇന്ത്യൻ വിപണി വളരെ വലുതായതിനാൽ കൊറിയയിൽ ലഭിക്കുന്നതിനെക്കാൾ മൂല്യം ഇവിടെ ലഭിക്കുമെന്നതാണ് കൊറിയൻ കമ്പനി ഇന്ത്യയിൽ ഐപിഒ നടത്താനുള്ള കാരണം.
കൊറിയൻ കമ്പനികൾക്ക് സ്വന്തം രാജ്യത്തിൽ മറ്റു രാജ്യങ്ങളിലെപ്പോലെ വൻ മൂല്യം (വാല്യുവേഷൻ) ലഭിക്കാറില്ല. കൊറിയൻ ഡിസ്കൗണ്ട് എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. അതിനാൽ 13% ഓഹരികൾ ഇന്ത്യയിൽ വിറ്റഴിച്ചാലും ബാക്കിയുള്ള ഓഹരികളുടെ മൂല്യം നിലവിലുള്ളതിലും ഉയരുകയേയുള്ളു. ഇന്ത്യയിൽ 2 പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഹ്യുണ്ടായ്ക്ക് 2022–23 സാമ്പത്തിക വർഷത്തിലെ വരുമാനം 60310 കോടിയും ലാഭം 4710 കോടിയുമാണ്. വരുമാനത്തിൽ സുസുക്കിയെക്കാളും (1,34937 കോടി) ടാറ്റാ മോട്ടോഴ്സിനെക്കാളും (3.5 ലക്ഷം കോടി), മഹീന്ദ്രയെക്കാളും (1 ലക്ഷം കോടി) പിന്നിൽ നാലാം സ്ഥാനത്താണ്. എന്നാൽ ഐപിഒ കഴിയുമ്പോൾ ടാറ്റ, സുസുക്കി. മഹീന്ദ്ര ഓഹരികൾക്ക് വെല്ലുവിളിയാകും ഹ്യുണ്ടായ് ഓഹരികളെന്നാണു വിലയിരുത്തൽ.