പച്ചക്കറികള്‍ എന്ന് നാം തെറ്റിദ്ധരിച്ച ചില പഴങ്ങളെ പരിചയപ്പെടാം
പച്ചക്കറികള്‍ മാത്രമല്ല, പഴങ്ങള്‍ ഉപയോഗിച്ചും കറികളും മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കാറുണ്ട്. ഏറെക്കാലമായി പച്ചക്കറികള്‍ എന്ന് നാം തെറ്റിദ്ധരിച്ച ചില പഴങ്ങളെ പരിചയപ്പെടാം
മത്തങ്ങ
വലിപ്പം കണ്ട് പച്ചക്കറി എന്ന് തെറ്റിദ്ധരിക്കാമെങ്കിലും മത്തങ്ങ യഥാര്‍ത്ഥത്തില്‍ ഒരു പഴമാണ്. മത്തങ്ങയുടെ പൂക്കളിൽ നിന്നാണ് മത്തങ്ങകൾ വികസിക്കുന്നത്. കറികളിലും മറ്റും ചേര്‍ക്കുന്നുണ്ടെങ്കിലും മത്തങ്ങ ശരിക്കും ഒരു ഫലവര്‍ഗ്ഗമാണ്.
വെണ്ടയ്ക്ക
സാമ്പാറിനും മെഴുക്കുപുരട്ടിക്കും പച്ചടിക്കുമെല്ലാം ഉപയോഗിക്കുന്ന വെണ്ടയ്ക്ക നമ്മുടെ ദൈനംദിന ഭക്ഷണത്തിന്‍റെ ഭാഗമാണ്. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. കണ്ടാല്‍ പച്ചക്കറിയുടെ എല്ലാവിധ ലക്ഷണങ്ങളും ഉണ്ടെങ്കിലും, വെണ്ടയ്ക്കയും പച്ചക്കറി അല്ല, പഴമാണ്.
വഴുതനങ്ങ
വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ വഴുതനങ്ങയും പഴമാണ്, പച്ചക്കറിയല്ല. ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ദഹനത്തെ സഹായിക്കുന്ന നാരുകളും എല്ലുകൾക്ക് ശക്തി നൽകുന്ന ഫീനോളിക് സംയുക്തങ്ങളും വിളര്‍ച്ച തടയുന്ന ഇരുമ്പുമെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
തക്കാളി
തക്കാളി കണ്ടാല്‍ത്തന്നെ പഴമെന്നു തോന്നുമെങ്കിലും പച്ചക്കറിയായാണ് നമ്മള്‍ ഇതിനെ പരിഗണിക്കുന്നത്. ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയ തക്കാളി, ഹൃദ്രോഗം, ന്യൂറോ ഡിജെനറേറ്റീവ് രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. തക്കാളിയിലെ സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്റ്റിൻ നാരുകൾ എന്നിവ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു. തക്കാളിയും ശരിക്കും ഒരു പഴമാണ്.
കക്കിരിക്ക
ചര്‍മ്മപ്രശ്നങ്ങള്‍ക്കും മുടി കൊഴിച്ചിലിനും അമിതവണ്ണത്തിനുമെല്ലാം മികച്ചതാണ് കക്കിരിക്ക. കുറഞ്ഞ കലോറി, ലയിക്കുന്ന നാരുകൾ, ജലത്തിൻ്റെ അംശം, ധാരാളം മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവയെല്ലാം ഇതിന്‍റെ സവിശേഷതകളാണ്. പൊട്ടാസ്യം, നാരുകൾ, മഗ്നീഷ്യം, മാംഗനീസ്, വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന് ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാല്‍ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. രക്തസമ്മർദവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനും കക്കിരിക്ക സഹായിക്കും. ഇത്രയേറെ ഗുണങ്ങളുള്ള കക്കിരിക്കയും യഥാര്‍ത്ഥത്തില്‍ ഒരു പഴമാണ്.