ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി കോടതി ജപ്തി ചെയ്തു
തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് കോടതി തടഞ്ഞു. വില്‍പ്പന കരാര്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് നെട്ടയത്തുള്ള 10 സെന്‍റ് ഭൂമി തിരുവനന്തപുരം അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്നും ഡിജിപിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും ഹർജിക്കാരൻ പറയുന്നു.
ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് പറഞ്ഞു. കൃത്യമായ കാരാറോടെയാണ് ഭൂമി വില്‍പനയില്‍ ഏര്‍പ്പെട്ടത്. അഡ്വാന്‍സ് നല്‍കിയ ശേഷം കരാറുകാരന്‍ സ്ഥലത്ത് മതില്‍ കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിച്ചപ്പോള്‍ ഭൂമി വിറ്റിട്ട് പണം നല്‍കാമെന്ന് അറിയിച്ചുവെന്നും ഡിജിപി പറഞ്ഞു.
ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്നായിരുന്നു ധാരണ. ഇടപാടില്‍ തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പറഞ്ഞു