വിമർശകര്‍ക്കുള്ള മറുപടി; ഭർത്താവിനൊപ്പമുളള ചിത്രം പങ്കുവച്ച് മീര വാസുദേവൻ
വിവാഹശേഷം ഇതാദ്യമായി ഭർത്താവിനൊപ്പമുളള ചിത്രം പങ്കുവച്ച് മീര വാസുദേവൻ. വിമർശകര്‍ക്കുള്ള മറുപടിയെന്നോളം തന്നെ വാരിപ്പുണരുന്ന ഭർത്താവ് വിപിന്റെ ചിത്രമാണ് മീര സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ഒരു മാസത്തോളം നടി മീര വാസുദേവനും ഭർത്താവ് വിപിൻ പുതിയങ്കവും അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു വിശേഷം പോലും സോഷ്യൽ മീഡിയയിൽ പങ്കിട്ടില്ല. അത്രത്തോളം അസഭ്യവർഷമാണ് ഈ ദമ്പതികൾ നേരിട്ടത്. രണ്ടുപേരുടെയും പ്രായം ചൂണ്ടിക്കാട്ടിയും, മീരയുടെ പൂർവ വിവാഹങ്ങളെ ചൊല്ലിയുമായിരുന്നു വിമർശനം.
ഏപ്രിൽ മാസത്തിൽ കോയമ്പത്തൂരിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞ ശേഷം മാത്രമാണ് അക്കാര്യം ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത് പോലും
സിനിമാ–ടെലിവിഷൻ ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.
42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. നടൻ ജോൺ കൊക്കനുമായുള്ള രണ്ടാം വിവാഹത്തിൽ അരീഹ എന്നു പേരുള്ള മകനുണ്ട്.
അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.