മഴയുടെ ശക്തി കുറഞ്ഞു; ശനിയാഴ്ച മുതല്‍ മുന്നറിയിപ്പില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ജൂൺ 28) കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തുടർന്ന് 5 ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
പുതുക്കിയ അറിയിപ്പ് പ്രകാരം ശനിയാഴ്ച മുതൽ ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല. ദുരിതംവിതച്ച മഴയുടെ ശക്തി പലയിടത്തും കുറഞ്ഞിട്ടുണ്ട്. തുടർന്ന് മഴ പ്രവചനത്തില്‍ നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദപാത്തിയുടെയും ഗുജറാത്തിന് മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറഞ്ഞതോടെയാണ് മഴ കുറയുന്നത്. എന്നാൽ ജൂലൈ രണ്ടാം വാരത്തോടെ മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 8.30 വരെ 3.0 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യതയുള്ളത്. കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാന്‍ നിർദേശമുണ്ട്.