നിയമസഭയിൽ അനൗചിത്യം: സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സംബന്ധിച്ച് കഴിഞ്ഞ ദിവസം കെ.കെ. രമ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ എ.എൻ. ഷംസീർ നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നല്‍കി.
വിഷയത്തിൽ മറുപടി പറയേണ്ടത് ആഭ്യന്തര- ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ആഭ്യന്തര വകുപ്പാണ്. സര്‍ക്കാര്‍ ഫയലുകള്‍ സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റിന് യാതൊരു ബന്ധവുമില്ല. സര്‍ക്കാരിന്‍റെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സര്‍ക്കാര്‍ പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞത് ഉചിതമായില്ല- പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച സ്പീക്കറുടെ മറുപടി പ്രതിപക്ഷത്തെ പ്രകോപിക്കുകയും സഭ സ്തംഭിക്കുന്ന സാഹചര്യത്തിലേക്ക് പ്രതിഷേധം നീങ്ങുകയും ചെയ്തിരുന്നു. കൂടാതെ, പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം സ്പീക്കർ തടസപ്പെടുത്തിയതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോരുമുണ്ടായി. ഇന്നലെയും ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വീണ്ടും കൊമ്പ് കോർത്തു. ടി. സിദ്ദീഖ് എംഎല്‍എയുടെ ചോദ്യം ആര്‍ക്കും മനസിലായില്ലെന്ന സ്പീക്കറുടെ പരാമര്‍ശത്തിനെതിരേ സതീശൻ രംഗത്തെത്തി. സ്പീക്കറുടെ കമന്‍റ് അംഗത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ അംഗങ്ങളോട് മാത്രമാണ് ഈ സമീപനമെന്നും സതീശന്‍ ആരോപിച്ചു.
എന്നാല്‍ ചോദ്യം പ്രസ്താവനയല്ല, ചോദ്യം തന്നെ ആയിരിക്കണമെന്നും സ്പീക്കര്‍ മറുപടി നല്‍കി. പ്രതിപക്ഷ അംഗങ്ങളോട് മാത്രമാണ് സ്പീക്കറുടെ ഈ സമീപനമെന്നു സതീശന്‍ ആരോപിച്ചു. എന്നാല്‍, പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷത്തെയും താന്‍ ഇക്കാര്യം ഓർമിപ്പിക്കാറുണ്ടെന്നും ചോദ്യം ചോദിക്കുമ്പോൾ സമയം എല്ലാവർക്കും ബാധകമാണെന്നും സ്പീക്കര്‍ പറഞ്ഞതോടെ തർക്കം അവസാനിച്ചു