ലഹരി വിരുദ്ധ സന്ദേശ ഗാനം തയ്യാറാക്കി ജോൺ എഫ് കെന്നഡി സ്കൂൾ കുട്ടികളും അദ്ധ്യാപകരും
കരുനാഗപ്പള്ളി : രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ലഹരി വിരുദ്ധ സന്ദേശ ഗാനം പുറത്തിറക്കി പൊതുവിദ്യാലയങ്ങൾക്ക് മാതൃക കാട്ടുകയാണ് ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും. സ്കൂളിലെ അദ്ധ്യാപകനായ സുധീർ ഗുരുകുലം തയ്യാറാക്കിയ വരികൾ സ്കൂൾ വിദ്യാർത്ഥികളായ ഫിദ സജിത്, സ്വാതിക സന്തോഷ്,ജിവിൻ സജി എന്നിവരാണ് പാടിയിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ ഹാഫിസ് വെട്ടത്തേരിലാണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്.
ലഹരിക്കെതിരെ നാട് ഉണരുകയും ഒത്തുചേർന്ന് വിപത്തിനെ നേരിടണം എന്നും നാടിൻ നന്മകൾ ചേർത്ത് വച്ച് കൊണ്ട് നാടിനെ അറിഞ്ഞ് പുതു തലമുറകൾ വളർന്ന് വരണം എന്ന ആഹ്വാനമാണ് വരികളിൽ ഉള്ളത്. എൻ സി സി, സ്കൗട്ട്സ് & ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ആൽബം തയ്യാറാക്കിയത്. കൊല്ലം ജില്ലാ കളക്ടർ എൻ ദേവിദാസ് ലഹരി വിരുദ്ധ സന്ദേശ ഗാനം അടങ്ങിയ ആൽബം പ്രകാശനം ചെയ്തു . മാനേജർ മായാ ശ്രീകുമാർ,പ്രിൻസിപ്പാൾ ഷിബു എം എസ്,ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായ സിറിൾ എസ് മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, മീര സിറിൾ, സീഡ് കോ ഓർഡിനേറ്റർ സുധീർ ഗുരുകുലം, സിനോ പി ബാബു, ഹാഫിസ് വെട്ടത്തേരിൽ, വിവിധ യൂണിറ്റിലെ കുട്ടികൾ പങ്കെടുത്തു.