ലോക്‌സഭാ സ്പീക്കർ മത്സരം: ഓം ബിർളയും കൊടിക്കുന്നിലും സ്ഥാനാർത്ഥികൾ
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ഓം ബിർള. ഉച്ചയോടെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. കൊടുക്കുന്നിൽ സുരേഷ് ഇൻഡ്യാ മുന്നണി സ്ഥാനാർഥിയായി മത്സരിക്കാനാനാണ് സാധ്യത.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ അനിശ്ചിതത്വം ഉള്ളതിനാൽ പ്രതിപക്ഷം മത്സരത്തിനിറങ്ങുമെന്ന് നേരത്തേ വാർത്ത വന്നിരുന്നു. നീക്കം മുന്നിൽക്കണ്ട് ബിജെപി സമവായ ശ്രമങ്ങളും ആരംഭിച്ചിരുന്നു. മത്സരം ഒഴിവാക്കണമെന്ന് ആവശ്യം ഉന്നയിച്ഛ്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വിളിച്ചെങ്കിലും ചർച്ചയിൽ ഖാർഗെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എട്ട് തവണ എംപിയായ കൊടിക്കുന്നിലിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കൊടുക്കാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കും.
അതിനിടെ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകണമെന്ന ആവശ്യം ബിജെപിയിലെ ഒരു വിഭാഗവും ഉന്നയിക്കുന്നുണ്ട്. ഇതുവരെ മത്സരമില്ലാതെ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറെ തെരഞ്ഞെടുത്തത്. ഈ സാധ്യത വിനിയോഗിച്ച് മത്സരമൊഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി തന്നെയാണ് രാജ്‌നാഥ് സിങ് ഉൾപ്പടെയുള്ളവരെ സമവായത്തിന് ബിജെപി നിയോഗിച്ചിരിക്കുന്നതും. സമവായ നീക്കവുമായി ഖാർഗയെ കൂടാതെ മറ്റ് പ്രതിപക്ഷനേതാക്കളെയും രാജ്‌നാഥ് സിങ് വിളിച്ചതായാണ് റിപ്പോർട്ട്.