പോലീസുകാരൻ ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം
പൂന്തുറ: പോലീസുകാരനെ പൂന്തുറയിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശ്ശാല പരശുവയ്ക്കൽ മേലെ പുത്തൻവീട്ടിൽ പുളിയറവിളാകത്തിൽ കൃഷ്ൺകുട്ടിയുടെയും സരസ്വതിയുടെയും മകനായ മദനകുമാർ(38) ആണ് മരിച്ചത്. പൂന്തുറ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സിലെ സി-2 ലുള്ള അടുക്കളക്കടുത്തുള്ള മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
തിങ്കളാഴ്ച രാവിലെ കനത്ത ദുർഗന്ധമുണ്ടായതിനെ തുടർന്ന് ക്വാർട്ടേഴ്‌സിലുള്ളവർ പൂന്തുറ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് മദനകുമാറിനെ മരിച്ച നിലയിൽ കണ്ടത്. പൂന്തുറ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് അടക്കമുളള നടപടികൾ പൂർത്തിയാക്കി.
മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൂന്തുറ പോലീസ് പറഞ്ഞു. പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം പാറശ്ശാലയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. തിരുവനന്തപുരം സിറ്റി ട്രാഫിക് എന്റഫോഴ്‌സ്‌മെന്റിന്റെ നോർത്ത് മേഖലയിലായിരുന്നു മദനകുമാർ ജോലി ചെയ്തിരുന്നത്. ആറുമാസത്തോളമായി ജോലിക്കു പോകാതെ അവധിയെടുത്ത് ക്വാർട്ടേഴ്‌സിൽ കഴിയുകയായിരുന്നു. ഭാര്യ: ആശ. ഏഴുവയസ്സുളള മകനുണ്ട്. പൂന്തുറ പോലീസ് കേസെടുത്തു.