പാർലമെന്റ് സമ്മേളനത്തിന് തുടക്കം: പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബ്
ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യത്തെ സമ്മേളനത്തിന് തുടക്കമായി. ഭർതൃഹരി മെഹ്താബ് ആണ് 8-ാം ലോക്‌സഭയുടെ പ്രോടെം സ്പീക്കർ. ഇലക്ഷന് തൊട്ടുമുമ്പ് ബി.ജെ.ഡിയിൽനിന്ന് ബി.ജെ.പിയിലേക്ക് വന്ന മെഹ്ത്താബ് ഏഴാം തവണയാണ് ലോക്‌സഭാംഗമാകുന്നത്. എട്ടാം തവണ സഭയിലെത്തിയ കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് ഇൻഡ്യാ സഖ്യം പ്രോടെം സ്പീക്കർ പാനലിൽനിന്ന് പിൻമാറി. കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ഇത് അംഗീകരിക്കാത്തതിൽ പ്രതിഷേധവുമായി ഇൻഡ്യാ സഖ്യം പ്രോടെം സ്പീക്കർ പനലിൽനിന്ന് പിൻമാറി.
ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിമാനകരമായ നിമിഷമായിരുന്നു എന്ന് സത്യപ്രതിജ്ഞക്ക് മുമ്പ് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ലക്ഷ്യത്തോടെ സഭക്ക് മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രണ്ടാമതാണ് ഒരു സർക്കാരിനെ മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്നത്. അതിന് ഹൃദയംകൊണ്ട് നന്ദി പറയുന്നുവെന്നും പ്രധാനമത്രി വ്യക്തമാക്കി.
മൂന്നാം ഭരണത്തിൽ കഴിഞ്ഞ സർക്കാരിനെക്കാൾ മൂന്ന് മടങ്ങ് പ്രവർത്തനം കാഴ്ചവെക്കും. വികസിത ഭാരതമെന്ന ലക്ഷ്യത്തിനാണ് ആദ്യ പരിഗണന. മുദ്രാവാക്യങ്ങളല്ല, ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനമാണ് ആവശ്യം. ജനങ്ങൾ സംവാദങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ എല്ലാവരുടെ പിന്തുണയും വേണം. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു