സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ഇന്ന് ആരംഭിക്കും. മുഖ്യ അലോട്ട്മെന്റ് പൂർത്തിയാക്കി സംസ്ഥാനത്ത് മൂന്ന് സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി കഴിഞ്ഞുവെന്നും ഇനി രണ്ടെണ്ണം മാത്രമാണ് അവശേഷിക്കുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആകെ അപേക്ഷ സമർപ്പിച്ച 4,21,621 പേരിൽ 2,68,192 വിദ്യാർത്ഥികൾക്ക് മെറിറ്റിൽ അഡ്മിഷൻ നൽകി എന്നും 7,797 വിദ്യാർത്ഥികൾ പല കാരണങ്ങളാൽ അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ രണ്ടിനാണ് സപ്ലിമെന്ററി അപേക്ഷകൾ ക്ഷണിക്കുക. സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ആകെയുള്ള ഒഴിവുകൾ 1,13,833 ആണെന്നും പ്രവേശനം നേടാനുള്ളവരുടെ എണ്ണം 26,985 ആണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മലപ്പുറത്ത് എം എസ് എഫ് പ്രവർത്തകർ ആക്രമം നടത്തുകയാണെന്ന് പറഞ്ഞ അദ്ദേഹം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ പരിശ്രമമാണ് എം എസ് എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും പറഞ്ഞു.
വിഷയം രാഷ്‌ട്രീയ പ്രശ്നമാക്കി മാറ്റാനാണ് എം എസ് എഫ് ശ്രമിക്കുന്നത് എന്ന് പറഞ്ഞ ശിവൻകുട്ടി വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഇടപെടണമെന്നും പറഞ്ഞു. 2,954 സീറ്റുകൾ മാത്രമാണ് അൺ എയ്ഡഡ് ഒഴിവാക്കിയാൽ ബാക്കിയുള്ളത് എന്നും രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റ്കൾ കൂടി കഴിയുമ്പോൾ ഈ കണക്ക് വീണ്ടും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ എല്ലാ എംഎൽഎമാരുമായും സംസാരിക്കും എന്നു പറഞ്ഞ അദ്ദേഹം മലപ്പുറത്താണ് ഏറ്റവും കൂടുതൽ ബാച്ചുകൾ ഷിഫ്റ്റ് ചെയ്തിട്ടുള്ളത് എന്നും ഒന്നാമത്തെ അലോട്ട്മെന്റ് കഴിയുന്നതിനു മുൻപ് തന്നെ സമരം ആരംഭിച്ചു എന്നും പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം നടക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം ആഗ്രഹിച്ച ബാച്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ല എന്നത് പരിഹരിക്കാൻ കഴിയാത്ത വിഷയമാണെന്നും പറഞ്ഞു