വയനാട്ടിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി
വയനാട്: വയനാട്ടിൽ കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഞായറാഴ്ച രാത്രിയോടെയാണ് കടുവ കുടുങ്ങിയത്. പശുക്കളെ കൊന്ന തൊഴുത്തിന് സമീപം കടുവ വീണ്ടുമെത്തിയിരുന്നു. പത്തു വയസ്സുള്ള തോല്‍പ്പെട്ടി 17 എന്ന ആണ്‍ കടുവയാണ് കൂട്ടിലായത്. മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വീട്ടുകാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്.
കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ ഇന്നലെ നടുറോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചിരുന്നു. അതേസമയം കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വയനാട്ടില്‍ വന്യജീവി ആക്രമണം ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡിഎഫ്ഒയെ നിയമിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ ആയി അജിത് കെ രാമനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍ ഡിഎഫ്ഒ ആയിരുന്ന ഷജ്ന കരീമിന്റെ സ്ഥലം മാറ്റത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം.
വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്നലെ തന്നെ നിയമനം നടത്താന്‍ വനം മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഞായറാഴ്ച ആയിട്ടും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്