പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് മുതൽ
ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് സമ്മേളനം. പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളന നടപടികൾക്ക് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ഇന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു ലോക്സഭയെ അഭിസംബോധന ചെയ്യും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്ക് തുടർച്ചയായി നടക്കും. സ്പീക്കറെയും ഈ സമ്മേളനം തിരഞ്ഞെടുക്കും.
ആദ്യം പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാർലമെന്‍റ് സമ്മേളനത്തില്‍ എംപിമാർ ഡൽഹിയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ലോക്സഭയില്‍ നോട്ടീസ് നല്‍കും.
പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതും ഇന്ത്യ സഖ്യം സഭയില്‍ ഉന്നയിക്കും. എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്ന് അംഗങ്ങളായ ഇന്ത്യ സഖ്യ എംപിമാരും പിന്‍മാറും. അതേസമയം, രാജ്യസഭാ സമ്മേളനം ജൂൺ 27നാണ് തുടങ്ങുക. ജൂലൈ മൂന്നിന് അവസാനിക്കും