സംസ്ഥാനങ്ങൾക്ക് 60% വിഹിതം ഉറപ്പാക്കണം: കേരളം

0

തിരുവനന്തപുരം: ജിഎസ്‌ടിയിലെ കേന്ദ്ര – സംസ്ഥാന നികുതി പങ്ക്‌ വയ്‌ക്കൽ അനുപാതം പുന:പരിശോധിക്കണമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. നിലവിൽ 50:50 എന്നതാണ്‌ അനുപാതം. ഇത്‌ 40:60 ആയി മാറ്റണം. ജിഎസ്‌ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക്‌ ഉറപ്പാക്കണമെന്നു ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രി ആവശ്യപ്പെട്ടു.

ഇ കൊമേഴ്‌സ്‌ വഴി കച്ചവടം നടക്കുമ്പോൾ ഇ കൊമേഴ്‌സ്‌ ഓപ്പറേറ്റർ ഈടാക്കിയ ജിഎസ്‌ടിയും വ്യക്തമാക്കി ജിഎസ്ടിആർ 8 റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഈ റിട്ടേണിൽ നികുതി എത്രയാണ് എന്നതിലുപരിയായി നികുതി ഏതു സംസ്ഥാനത്തേക്കാണ് പോകേണ്ടത് എന്ന വിവരം കൂടി ഉൾപ്പെടുത്താൻ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനമായതായും ധനമന്ത്രി അറിയിച്ചു. കേരളത്തിന്‌ വലിയ പ്രയോജനം ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്ന നിർണായക തീരുമാനമാണിത്‌.

ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ ചരക്കുകളും സേവനങ്ങളും അമസോൺ, ഫ്ലിപ്പ്‌കാർട്ട് പോലുള്ള ഈ കൊമേഴ്സ് സ്ഥാപനങ്ങളിൽകൂടി കേരളത്തിൽ വിൽക്കുന്നവർ ഇവിടുത്തെ ഉപഭോക്താക്കളിൽനിന്ന് ഐജിഎസ്‌ടി ഈടാക്കുന്നുണ്ട്‌. എന്നാൽ, അവർ സമർപ്പിക്കുന്ന റിട്ടേണുകളിൽ ഉപഭോഗ സംസ്ഥാനം ഏതെന്നത്‌ വ്യക്തമാക്കാത്തതുമൂലം കേരളത്തിന്‌ നികുതി വിഹിതം ലഭ്യമാക്കാത്ത സ്ഥിതിയുണ്ട്‌. ഇത്‌ പരിഹരിക്കാൻ പുതിയ തീരുമാനം സഹായകമാകും.

ഇ കൊമേഴ്‌സ്‌ ഓപ്പറേറ്റർമാർ ഫയൽ ചെയ്യുന്ന ജിഎസ്‌ടിആർ- 8 റിട്ടേണുകളിൽ ചെറിയ മാറ്റം വരുത്തിയാൽ ഇത്‌ പരിഹരിക്കാനാകുമെന്ന്‌ കേരളം കൗൺസിലിനെ ബോധ്യപ്പെടുത്തി. കേരളം നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയ വസ്‌തുതകൾ നിരത്തിയാണ്‌ പ്രശ്‌ന പരിഹാരം തേടിയത്‌. അത്‌ കൗൺസിൽ അംഗീകരിക്കുകയായിരുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *